Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിനു മുമ്പ് സാമൂഹിക സുരക്ഷാ  കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ 

  • തൊഴിലാളികളുടെ എതിർപ്പ് കാര്യമാക്കില്ല

ന്യൂദൽഹി - തൊഴിലാളി സംഘടനകൾ ഉയർത്തുന്ന കടുത്ത എതിർപ്പുകളെ മറികടന്നും സാമൂഹിക സുരക്ഷാ കോഡ് പൊതു തെരഞ്ഞെടുപ്പിന് മുമ്പേ നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഘട്ടം ഘട്ടമായി സാമൂഹിക സുരക്ഷാ കോഡ് നടപ്പാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം തീരുമാനിച്ചുവെന്നാണു വിവരം. എന്നാൽ, സർക്കാരിന് കുറഞ്ഞ ഭരണ കാലാവധി മാത്രം ശേഷിക്കേ പാർലമെന്റിൽ ബില്ല് കൊണ്ടുവരാതെയും ബജറ്റിൽ ഉൾപ്പെടുത്താതെയും പദ്ധതി ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ നടപ്പാക്കാൻ കഴിയും എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
സാമൂഹിക സുരക്ഷാ കോഡിന്റെ കരടിൽ പല വ്യവസ്ഥകളിലും ട്രേഡ് യൂനിയനുകൾ കടുത്ത എതിർപ്പുയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോഡ് മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനമെടുത്തതെന്നാണ് വിവരം. തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ടും ഇ.എസ്.ഐയും സാമൂഹിക സുരക്ഷാ കോഡിൽ ലയിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറി. ഇവയൊഴിവാക്കി രാജ്യവ്യാപകമായി സാമൂഹിക സുരക്ഷാ പദ്ധതി നിർബന്ധമായി നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. 
അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്നാണ് തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. നിലവിലെ പത്തു കോടി തൊഴിലാളികൾ എന്നത് വർധിച്ച് 50 കോടി തൊഴിലാളികൾ പദ്ധതിക്കു കീഴിൽ വരും. 
പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ കേന്ദ്ര തൊഴിൽ മന്ത്രി വിവിധ ട്രേഡ് യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. വിരമിക്കൽ, ആരോഗ്യം, വാർധക്യം, ഭിന്നശേഷി, തൊഴിലില്ലായ്മ, പ്രസവാനുകൂല്യം എന്നീ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള പുതുക്കിയ സാമൂഹിക സുരക്ഷാ കോഡിന്റെ കരടിൻമേലാണ് ചർച്ച നടന്നത്. ഗുണഭോക്താക്കളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ആദ്യ വിഭാഗത്തിൽ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരാവും. ഇവരുടെ വിഹിതം സർക്കാർ അടയ്ക്കും. രണ്ടാം വിഭാഗത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളെയും തങ്ങളുടെ വിഹിതം അടയ്ക്കാൻ കഴിവില്ലാത്തവരെയുമാണ് ഉൾപ്പെടുത്തുന്നത്. മൂന്നാം വിഭാഗത്തിൽ തനിച്ചോ തൊഴിലുടമയുമായി ചേർന്നോ തങ്ങളുടെ വിഹിതം അടയ്ക്കാൻ ശേഷിയുള്ളവരാണ്. നാലാം വിഭാഗത്തിൽ പൂർണമായും തങ്ങളുടെ വിഹിതം അടയ്ക്കാൻ ശേഷിയുള്ള തൊഴിലാളികളാണ് ഉൾപ്പെടുന്നത്. 
പത്തു വർഷക്കാലയളവിനുള്ളിൽ മൂന്നു ഘട്ടങ്ങളിലായി സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. നികുതി വരുമാനത്തിൽ നിന്ന് പണം കണ്ടെത്തിയാണ് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യ, വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങളും മൂന്നാം ഘട്ടത്തിൽ കൂടുതൽ ക്ഷേമ പദ്ധതികളും ഉൾപ്പെടുത്തും. 
ഇന്നലെ തൊഴിൽ മന്ത്രിയുമായി നടന്ന ചർച്ചയിൽ ഇടതു യൂനിയനുകൾ പങ്കെടുത്തില്ല. ചർച്ചയിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഇടത് യൂനിയനുകൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, പദ്ധതി ആദ്യം നടപ്പാക്കിയിട്ട് പിന്നീട് മാറ്റങ്ങൾ വരുത്താനാണ് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് ചർച്ചയിൽ പങ്കെടുത്ത ബി.എം.എസ് ജനറൽ സെക്രട്ടറി വൃജേഷ് ഉപാധ്യായ പറഞ്ഞത്. പദ്ധതിയിലെ ഭൂരിപക്ഷം വ്യവസ്ഥകൾക്കുമെതിരേ ബി.എം.എസും കടുത്ത എതിർപ്പാണ് ഉയർത്തിയിരുന്നത്. 
ഇ.പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി എന്നിവ ഉൾപ്പെടെ 16 നിയമങ്ങൾ ലയിപ്പിച്ചാണ് സാമൂഹിക സുരക്ഷാ കോഡിന്റെ ആദ്യ കരട് തയാറാക്കിയിരുന്നത്. ഇത് 14 എണ്ണമായി വെട്ടിച്ചുരുക്കിയാണ് ഇപ്പോൾ അന്തിമ രൂപം നൽകിയിരിക്കുന്നത്.
 

Latest News