മദീന - മദീന വികസന അതോറിറ്റി സൗദി ജീവനക്കാരെ പിരിച്ചുവിട്ടതിൽ മദീന ലേബർ ഓഫീസ് അന്വേഷണം നടത്തുന്നു. സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിന്, തൊഴിൽ നിയമത്തിലെ 74 ാം വകുപ്പ് പ്രകാരം രാജിക്കത്തിൽ ഒപ്പുവെക്കുന്നതിന് മദീന വികസന അതോറിറ്റി മാനവ ശേഷി വിഭാഗം തങ്ങളെ നിർബന്ധിക്കുകയായിരുന്നെന്ന് പിരിച്ചുവിടലിനിരയായ സൗദി ജീവനക്കാർ പറഞ്ഞു. 25 സൗദി ജീവനക്കാരെയാണ് മദീന വികസന അതോറിറ്റി ഒറ്റയടിക്ക് പിരിച്ചുവിട്ടിരിക്കുന്നത്.
സർവീസ് ആനുകൂല്യങ്ങൾ ഉറപ്പു വരുത്തി 74 ാം വകുപ്പ് പ്രകാരം രാജിവെക്കണമെന്നും അതല്ലെങ്കിൽ 77 ാം വകുപ്പ് പ്രകാരം പിരിച്ചുവിടുമെന്നും കമ്പനി തങ്ങളോട് പറയുകയായിരുന്നെന്ന് ജീവനക്കാരിൽ ഒരാൾ പറഞ്ഞു. രാജിക്കത്തിൽ ഒപ്പുവെക്കുന്നതിന് മാനവ ശേഷി വിഭാഗം തങ്ങൾക്കു മേൽ സമ്മർദം ചെലുത്തി. ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനാണ് പിരിച്ചുവിടുന്നതെന്നാണ് തങ്ങളോട് മാനവ ശേഷി വിഭാഗം പറഞ്ഞത്. എന്നാൽ തങ്ങളെ പിരിച്ചുവിട്ടതിനു പിന്നാലെ പുതിയ ജീവനക്കാരെ മാനവ ശേഷി വിഭാഗം നിയമിച്ചു. അന്യായമായ പിരിച്ചുവിടലിനെതിരെ തങ്ങൾ ലേബർ ഓഫീസിന് പരാതി നൽകുകയായിരുന്നു. ഇതുവരെ 25 പേർ ലേബർ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. നിയമ വിരുദ്ധമായാണ് മദീന വികസന അതോറിറ്റി തങ്ങളെ പിരിച്ചുവിട്ടത്. ബന്ധപ്പെട്ട വകുപ്പുകൾ പ്രശ്നത്തിൽ ഇടപെട്ട് തങ്ങളെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് തൊഴിലാളി പറഞ്ഞു.
എന്നാൽ പരസ്പര സമ്മതത്തോടെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് മദീന വികസന അതോറിറ്റി ലേബർ ഓഫീസിനെ അറിയിച്ചു. തൊഴിൽ നിയമത്തിലെ 74 ാം വകുപ്പ് പ്രയോജനപ്പെടുത്തി 23 പേരെ പരസ്പര സമ്മതത്തോടെ പിരിച്ചുവിട്ടു. രണ്ടു പേരെ 77 ാം വകുപ്പ് പ്രകാരം പിരിച്ചുവിട്ടു. നിയമാനുസൃത നഷ്ടപരിഹാരം നൽകി, ഒരു കാരണവുമില്ലാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന് തൊഴിലുടമക്ക് അവകാശമുണ്ടെന്ന് 77 ാം വകുപ്പ് വ്യക്തമാക്കുന്നു. ഉഭയകക്ഷി സമ്മതത്തോടെയാണ് ജീവനക്കാർ രാജിവെച്ചതെന്ന മദീന വികസന അതോറിറ്റി വാദം ശരിയല്ലെന്നാണ് പിരിച്ചുവിടലിന് ഇരയായവർ ലേബർ ഓഫീസിൽ പരാതി നൽകിയത് വ്യക്തമാക്കുന്നത്. സമ്മർദം ചെലുത്തി രാജിവെക്കുന്നതിന് തങ്ങളെ നിർബന്ധിക്കുകയായിരുന്നെന്ന് പരാതിക്കാർ പറയുന്നു.