Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഇൻസൈറ്റ്' ചൊവ്വയിലേക്ക്, ആകാംക്ഷയോടെ ശാസ്ത്രലോകം

ചൊവ്വയിൽ ലാൻഡ് ചെയ്യുന്ന ഇൻസൈറ്റ്, ചിത്രകാരന്റെ ഭാവനയിൽ.

ലോസ് ആഞ്ചലസ് - ഏഴ് വർഷത്തെ കഠിന പരിശ്രമത്തിനും ഏഴ് മാസം നീണ്ട യാത്രക്കുമൊടുവിൽ ചൊവ്വ എന്ന ചുവന്ന ഗ്രഹത്തിന്റെ 'ആന്തരിക രഹസ്യങ്ങൾ' അറിയാനുള്ള നാസയുടെ പേടകം ഇൻസൈറ്റ് ലക്ഷ്യത്തിലേക്ക്. ഇന്നലെ അർധരാത്രിയോടെ ഇൻസൈറ്റിനെ വഹിച്ച വാഹനം ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങിത്തുടങ്ങി. ലാൻഡിംഗിന്റെ നിർണായകമായ അവസാന ഏഴു മിനിറ്റുകളിൽ പേടകത്തിന് എന്തു സംഭവിച്ചാലും ഭൂമിയിൽനിന്ന് പരിഹരിക്കാൻ കഴിയില്ലെന്നിരിക്കെ ശ്വാസം മുട്ടലോളം പോന്ന ആശങ്കയിലാണ് നാസയിലെ ശാസ്ത്രജ്ഞർ.
2012ൽ നാസ തന്നെ വിട്ട ക്യൂരിയോസിറ്റി ചൊവ്വയിൽ ഇറങ്ങിയ ശേഷം ഇതാദ്യമായാണ് മറ്റൊരു പേടകം ലക്ഷ്യത്തോടടുക്കുന്നത്. ഇതിനകം ചൊവ്വയിൽ പേടകങ്ങൾ ഇറക്കാൻ 43 ശ്രമങ്ങളാണ് ലോകത്തെ വിവിധ സ്‌പേസ് ഏജൻസികൾ നടത്തിയത്. പക്ഷേ വിജയിച്ചത് നാസ മാത്രം. ഇതുവരെ നടത്തിയതിൽ ഏറ്റവും ഗഹനമായ ചൊവ്വാ പഠനമെന്ന ദൗത്യത്തോടെ നടത്തുന്ന ഇൻസൈറ്റ് വിക്ഷേപണത്തിൽ നാസക്കൊപ്പം മറ്റ് രാജ്യങ്ങളിലെ സ്‌പെയ്‌സ് ഏജൻസികളും പങ്കാളികളായി. 
'ഇന്റീരിയർ എക്‌സ്‌പ്ലൊറേഷൻ യൂസിംഗ് സീസ്മിക് ഇൻവെസ്റ്റിഗേഷൻസ്, ജിയോഡ്‌സെ ആന്റ് ഹീറ്റ് ട്രാൻസ്‌പോർട്ട്' എന്നതിന്റെ ചുരുക്കപ്പേരായ ഇൻസൈറ്റിന്റെ മൊത്തം ചെലവ് 993 മില്യൺ ഡോളറാണ്. മാസങ്ങളോളം ചൊവ്വയിൽ കഴിയാനാവുന്ന ഇൻസൈറ്റിന് ചുവന്ന ഗ്രഹത്തിൽ കുഴികളുണ്ടാക്കി താഴെയുള്ള മണ്ണിന്റെയും കല്ലിന്റെയുമെല്ലാം ഘടന പരിശോധിക്കാൻ കഴിയും. ചൊവ്വയുടെ ആന്തരിക ഘടന മനസ്സിലാക്കുന്നതിലൂടെ ഭൂമിക്ക് സമാനമായ പാറകളുള്ള ഗോളങ്ങൾ എങ്ങനെ രൂപം കൊണ്ടു എന്ന് കൂടുതൽ മനസ്സിലാക്കാനുമാവും. 2030 ഓടെ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ ഉദ്ദേശിക്കുന്ന നാസക്ക് അതിനു മുമ്പുള്ള തയാറെടുപ്പിന്റെ ഭാഗം കൂടിയാണ് ഇൻസൈറ്റ് വിക്ഷേപണം. 
മണിക്കൂറിൽ 19,800 കിലോമീറ്റർ വേഗത്തിൽ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ഇൻസൈറ്റിനെയും വഹിച്ചുള്ള വാഹനത്തിന്റെ കവചത്തിന് 1500 ഡിഗ്രി സെൽഷ്യസ് വരെ ചൂട് താങ്ങാനുള്ള ശേഷിയുണ്ട്. മണിക്കൂറിൽ അഞ്ച് മൈൽ വേഗത്തിലാവും ഇത് ചൊവ്വയിൽ പതിക്കുക. വലിപ്പമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മുമ്പ് അയച്ച ക്യൂരിയോസിറ്റിക്ക് ഒരു വലിയ കളിപ്പാട്ട കാറിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇൻസൈറ്റിന് ഒരാളുടെ അരക്കെട്ടോളം ഉയരമുണ്ട്. 365 കിലോയാണ് തൂക്കം.
ഇൻസൈറ്റിലെ സീസ്മിക് പരീക്ഷണ ഉപകരണങ്ങൾ നിർമിച്ചു നൽകിയത് ഫ്രഞ്ച് സ്‌പെയ്‌സ് ഏജൻസിയാണ്. ഉപരിതലത്തിൽ നിന്ന് അഞ്ച് മീറ്ററോളം താഴെ വരെ കുഴിക്കാനുള്ള ഉപകരണം നിർമിച്ചത് ജർമനി. 
ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും ഇൻസൈറ്റിൽ പങ്കാളികളായിട്ടുണ്ട്.

 

 

Latest News