ന്യൂദൽഹി- കന്നഡ സാഹിത്യകാരനും ഹംപി സർവകലാശാലാ മുൻ വി.സിയുമായ എം.എം. കൽബുർഗിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വൈകുന്നതിൽ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി, രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിന് നിർദേശം നൽകി.
അതേസമയം, കേസ് ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച ശേഷം കേസ് ബോംബെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിന് ഉത്തരവിടാമെന്ന് കോടതി സൂചിപ്പിച്ചു.
കൽബുർഗി കൊല്ലപ്പെട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതിനാണ് കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കൽബുർഗിയുടെ ഭാര്യ ഉമാദേവി നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമർശനം. ഈ കേസ് അന്വേഷണം പൂർത്തിയാക്കാൻ എത്ര കാലം എടുക്കുമെന്നും കർണാക സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. നേരത്തെ, കൽബുർഗി വധക്കേസ് എൻ.എ.ഐയെ ഏൽപ്പിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തിരുന്നു. ദേശീയ തലത്തിലും ഒന്നിലധികം സംസ്ഥാനങ്ങളിലുമായി സംഭവിക്കുന്ന തീവ്രവാദ കേസുകൾ മാത്രമേ എൻ.ഐ.എ അന്വേഷിക്കൂവെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
2015 ഓഗസ്റ്റിലാണ് കല്യാൺ നഗറിലെ വസതിയിൽ ഹിന്ദുത്വ ഭീകരരുടെ വെടിയേറ്റ് കൽബുർഗി മരിച്ചത്. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കൽബുർഗി തന്റെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും ഹിന്ദുത്വ ഭീകരതയെ ശക്തമായി വിമർശിച്ചിരുന്നു. ഇതിന്റെ പേരിൽ ഹിന്ദുത്വ ഭീകര സംഘടനകളിൽ നിന്നും അദ്ദേഹത്തിന് വധഭീഷണിയും ഉയർന്നിരുന്നു. കൽബുർഗിയുടെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് വിവിധ സാഹത്യകാരൻമാർ തങ്ങളുടെ അവാർഡുകൾ കർണാകട സാഹിത്യ പരിഷത്തിന് പ്രതിഷേധ സൂചകമായി തിരിച്ചു നൽകിയിരുന്നു.