ന്യൂദൽഹി- ഹാദിയ കേസിൽ ദേശീയ അന്വേഷണ ഏജൻസിക്കെതിരെ (എൻ.ഐ.എ) ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ കോടതിയലക്ഷ്യ ഹരജി പിൻവലിച്ചു. എൻ.ഐ.എ ഉദ്യോഗസ്ഥൻ വിക്രമനെതിരെ ആയിരുന്നു ഷെഫിൻ ഹരജി ഫയൽ ചെയ്തിരുന്നത്.
സുപ്രീം കോടതി വിധി മറികടന്ന് അന്വേഷണം നടത്തിയ എൻ.ഐ.എ നടപടി കോടതിയലക്ഷ്യമാണെന്നായിരുന്നു ഹരജിയിൽ പറഞ്ഞിരുന്നത്. കേസന്വേഷണം എൻ.ഐ.എക്ക് കൈമാറിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ആർ.വി. രവീന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മേൽനോട്ടം വഹിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് രവീന്ദ്രൻ കോടതിയെ അറിയിച്ചു. ഇത് പരിഗണിക്കാതെ എൻ.ഐ.എ അന്വേഷണവുമായി മുന്നോട്ടു പോയി. ഇതിനെതിരെയാണ് ഷെഫിൻ കോടതിയെ സമീപിച്ചത്. കോടതി നിർദേശിച്ച ജഡ്ജിയുടെ മേൽനോട്ടം ഇല്ലാതെ എൻ.ഐ.എ നടത്തിയ അന്വേഷണം കോടതിയലക്ഷ്യമാണ്. അതിനാൽ എൻ.ഐ.എ റിപ്പോർട്ട് മുഖവിലയ്‌ക്കെടുക്കരുതെന്നും എൻ.ഐ.എയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് ഷെഫിൻ ജഹാൻ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഹാദിയ കേസിൽ എൻ.ഐ.എ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറിയ റിപ്പോർട്ട് എൻ.ഐ.എക്കു തന്നെ മടക്കി നൽകാൻ കോടതി രജിസ്ട്രിയോട് നിർദേശിച്ചിട്ടുണ്ട്.