Sorry, you need to enable JavaScript to visit this website.

വിമാനത്തിനുള്ളില്‍ സ്‌നാപ്ചാറ്റില്‍ തമാശ പറഞ്ഞത് വിനയായി; ടേക്ക് ഓഫ് റദ്ദാക്കി യുവാവിനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത- മുംബൈയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം കൊല്‍ക്കത്തയില്‍ നിന്നും പറന്നുയരാനായി റണ്‍വെയിലേക്ക് നീങ്ങവെ യാത്രക്കാരനായ യുവാവ് സ്‌നാപ്ചാറ്റില്‍ സുഹൃത്തിനോട് തമാശ പങ്കുവെച്ച് വെട്ടിലായി. ഭീകരന്‍, തകര്‍ക്കല്‍ എന്നീ വാക്കുകള്‍ക്കൊപ്പം മുഖംമൂടിധരിച്ച ഒരു ഫോട്ടോ സ്‌നാപ്ചാറ്റ് മെസേജിങ് ആപ്പില്‍ സുഹൃത്തിനയക്കുന്നത് കണ്ട സഹയാത്രികന്‍ പരാതിപ്പെട്ടതാണ് വിനയായത്. സഹയാത്രികന്‍ എയര്‍ഹോസ്റ്റസിനോട് പരാതിപ്പെടുകയും ഇവര്‍ ഇത് പൈലറ്റിനെ അറിയിക്കുകയുമായിരുന്നു. പൈലറ്റ് ഈ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. ഉടന്‍ ടേക്ക് ഓഫ് റദ്ദാക്കി റണ്‍വേയിലേക്കുള്ള വഴിയില്‍ നിന്ന് തിരിച്ചു വിട്ട് വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റുകയായിരുന്നു. അടിയന്തിര സന്ദേശം ലഭിച്ചെത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ അറസ്റ്റ് ചെയ്തു വിമാനത്തില്‍ നിന്നിറക്കി. പിന്നീട് പോലീസിനു കൈമാറി. വിമാനം പിന്നീട് മുംബൈയിലേക്ക് പറന്നു. 

യോഗേന്ദ്ര പൊഡര്‍ എന്ന യുവാവാണ് പിടിയിലായത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബത്തേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി. സുഹൃത്തുക്കളോട് തമാശ പൊട്ടിച്ചതാണെന്ന് ഇദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. എന്നാല്‍ യുവാവിന്റെ ഭീഷണി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് പോലീസ്്. മുംബൈയിലേക്ക് ഒരു ജോലിയുടെ അഭിമുഖത്തിനായി പോകുകയായിരുന്നു യുവാവെന്ന് പോലീസ് പറഞ്ഞു.
 

Latest News