റാസല്‍ഖൈമ- വീട്ടിലുണ്ടായ വാഗ്വാദത്തിനിടെ ഭാര്യയുടെ മുഖത്ത് നാലു തവണ അടിച്ച ഭര്‍ത്താവിന് റാസല്‍ഖൈമ കോടതി രണ്ടായിരം ദീര്‍ഹം പിഴ ശിക്ഷവിധിച്ചു. ഭര്‍ത്താവ് തന്നെ സ്ഥിരമായി ശാരീരികമായി മര്‍ദിക്കാറുണ്ടെന്നും ഏറ്റവുമൊടുവിലുണ്ടായ വാഗ്വാദത്തിനിടെ തന്റെ മുഖത്ത് നാലു തവണ അടിച്ചെന്നും കാണിച്ച് ഭാര്യ നല്‍കിയ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. ഭര്‍ത്താവിന്റെ ആക്രമോത്സുകമായ പെരുമാറ്റം ഒരു നിലയ്ക്കും അവസാനിക്കുന്നില്ലെന്ന് കണ്ടാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.
അതേസമയം താന്‍ ഭാര്യയെ മനപ്പൂര്‍വം അടിച്ചതല്ലെന്നും എത്രതവണ അടിച്ചെന്ന് ഓര്‍മയില്ലെന്നും പലചരക്കു വ്യാപാരിയായ ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. ഭാര്യയുമായുള്ള തര്‍ക്കം വീട്ടില്‍ വച്ചു തന്നെ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ ഭാര്യ കോടതിയിലേക്ക് വലിച്ചിഴക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇരു കക്ഷികളുടേയും വാദം കേട്ട കോടതി ഭര്‍ത്താവ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. വിധി അനുസരിച്ച് 2000 ദിര്‍ഹം ഭാര്യയ്ക്ക് ഭര്‍ത്താവ് പിഴയായി നല്‍കണം.