അഗർത്തല - ശ്രീരാമന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പിയും സംഘപരിവാർ കക്ഷികളും ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളിൽ മതവൈകാരികത ശക്തിപ്പെടുത്തി ഹിന്ദു- മുസ്‌ലിം ഭിന്നിപ്പിനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഗർത്തലയിൽ സി.പി.എം ത്രിപുര സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
2019 ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യത്ത് വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇതിന്റെ തുടർച്ചയാണ് കേരളത്തിൽ ശബരിമല വിഷയത്തിൽ നടക്കുന്ന സമരങ്ങളും. എന്നാൽ ബി.ജെ.പിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ തകർത്ത് മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് സി.പി.എമ്മിനു മുന്നിലുള്ളത്. ബി.ജെ.പിയെ തകർക്കുക, ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക, മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നിവയാണവ. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിച്ച് ബദൽ രാഷ്ട്രീയം ശക്തിപ്പെടുത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം സി.പി.എമ്മിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും പ്രവർത്തകർക്കു നേരെ അയ്യായിരത്തിലധികം ആക്രമണങ്ങളുണ്ടായെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിജൻ ദർ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് ജനാധിപത്യം തന്നെ ഇല്ലാതായി. ത്രിപുരയിലിപ്പോൾ അഭിപ്രായ സ്വാതന്ത്ര്യമോ, ജനാധിപത്യ അവകാശങ്ങളോ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.