- ശിവസേനയുടെ അയോധ്യ റാലി രാഷ്ട്രീയ ഗിമ്മിക് -ഖാർഗെ
അയോധ്യ - ബി.ജെ.പി രാഷ്ട്രീയ പ്രതിസന്ധിയിലായപ്പോഴാണ് അവർ ദൈവത്തെ ഓർത്തതെന്നും ക്ഷേത്ര വിഷയം ഉയർത്തിക്കൊണ്ടുവരുന്നതെന്നും കോൺഗ്രസ്. ശിവസേന തലവൻ ഉദ്ധവ് താക്കറേയുടെ അയോധ്യ സന്ദർശനം വെറും രാഷ്ട്രീയ ഗിമ്മിക്കാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ നാലഞ്ച് വർഷമായി എന്തുകൊണ്ടാണ് താക്കറെ അയോധ്യയിൽ പോവാതിരുന്നതെന്നും ഖാർഗെ ചോദിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ എല്ലാവരും അയോധ്യയിലേക്ക് പോകുന്നത്. കഴിഞ്ഞ നാലഞ്ച് വർഷം ഉദ്ധവ് താക്കറേയെ അവിടെ പോകുന്നതിൽനിന്ന് ആരാണ് തടഞ്ഞത്. ഒരു വശത്ത് അവർ ബി.ജെ.പിയുടെ സുഹൃത്തുക്കളാണ്. മറുവശത്ത് അമ്പലം നിർമിക്കാൻ തങ്ങൾ സർക്കാറിൽ സമ്മർദം ചെലുത്തുകയാണെന്ന് അവർക്ക് പറയുകയും വേണം. ഇതൊന്നും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാനാവില്ലെന്ന് അദ്ദേഹം എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് എല്ലാവും രാമനെ ഓർക്കുന്നത്. പ്രശ്നങ്ങളുണ്ടാവുമ്പോഴാണ് ആളുകൾ ദൈവത്തെ ഓർക്കുന്നതെന്നൊരു ചൊല്ലുണ്ട്. ബി.ജെ.പി ഇപ്പോൾ പ്രശ്നത്തിലാണ്. അതുകൊണ്ട് അവർ ദൈവത്തെ ഓർക്കുന്നു. ജനങ്ങളെ വിഭജിക്കാനാണ് അവരുടെ തന്ത്രമെന്നും ഖാർഗെ പറഞ്ഞു.
താക്കറേയുടെ അയോധ്യ സന്ദർശനത്തോടെ മഹാരാഷ്ട്രയിൽ ബി.ജെ.പിയും പ്രതിസന്ധിയിലായിട്ടുണ്ട്. എന്നാൽ താക്കറേ അയോധ്യയിൽ പോയത് ക്ഷേത്ര നിർമാണത്തിനുവേണ്ടിയല്ലെന്നും ശ്രീരാമന്റെ അനുഗ്രഹം വാങ്ങാനാണെന്നുമായിരുന്നു സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പ്രതികരണം.