- ഒരു സൈനികനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു
ശ്രീനഗർ - ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശം വളഞ്ഞ് കൂടുതൽ ഭീകരർക്കായി തെരച്ചിലാരംഭിച്ച സൈനികർക്കു നേരെ നാട്ടുകാർ കല്ലെറിഞ്ഞു. പ്രക്ഷോഭകർ സൈനിക വാഹനങ്ങളും ആക്രമിച്ചു. സൈന്യം ഇവരെ നേരിടുന്നതിനിടെ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
ഷോപിയാനിലെ ബാറ്റ്ഗുണ്ട് ഗ്രാമത്തിലുള്ള ഒരു വീട്ടിൽ വൻതോതിൽ ആയുധങ്ങളുമായി ഒരു സംഘം തമ്പടിച്ചിരിക്കുന്നായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുലർച്ചെയോടെ പോലീസും സൈന്യവും പ്രദേശം വളയുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാക്കിസ്ഥാൻ പൗരനാണെന്നും താഴ്‌വരയിൽ ഈയിടെ ഒരു ആൺകുട്ടിയെ വധിച്ചത് ഇയാളാണെന്നും പോലീസ് പറഞ്ഞു. ആ സംഭവത്തിനു ശേഷം ഭീഷണിയെന്നോണം രക്തത്തിൽ കുതിർന്ന കത്തിയുടെ വീഡിയോ ഭീകരർ പുറത്തു വിട്ടിരുന്നു.
കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങൾ സൈന്യം പിന്നീട് പുറത്തുവിട്ടു. കൊല്ലപ്പെട്ട സൈനികൻ കശ്മീരിലെ തന്നെ കുൽഗാം ജില്ലക്കാരനാണ്.
സൈന്യം, സി.ആർ.പി.എഫ്, മറ്റ് അർധസൈനിക വിഭാഗങ്ങൾ, കശ്മീർ പോലീസ് എന്നിവ സംയുക്തമായാണ് ഭീകരർക്കെതിരായ ഓപറേഷനിൽ പങ്കെടുത്തതെന്ന് പോലീസ് വെളിപ്പെടുത്തി. സുരക്ഷാ സേനയെ കണ്ടയുടൻ ഭീകരർ അവർക്കു നേരെ വെടിവെക്കുകയും സൈന്യം തിരികെ വെടിവെക്കുകയുമായിരുന്നു. ഒളിച്ചിരുന്ന വീടിന് പുറത്തുവെച്ചാണ് നാല് ഭീകരർ കൊല്ലപ്പെട്ടത്. മൂന്ന് മണിക്കൂർ നീണ്ട വെടിവെയ്പിനൊടുവിൽ രണ്ട് ഭീകരരെ കൂടി മരിച്ച നിലയിൽ വീട്ടിനുള്ളിൽനിന്ന് കണ്ടെത്തി. വീട് പിന്നീട് സൈന്യം ബോംബ് വെച്ച് തകർത്തു. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആറ് യന്ത്രത്തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു.
കൊല്ലപ്പെട്ടവരിൽ കശ്മീരുകാരനായ ഭീകരനുമുണ്ടെന്നും ഒരു വർഷം മുമ്പ് ഷോപിയാനിൽ പബ്ലിക് പ്രോസിക്യൂട്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു.
കശ്മീരിൽ ഒരാഴ്ചക്കിടെ ഭീകരർക്കെതിരെ നടക്കുന്ന മൂന്നാമത്തെ സൈനിക നടപടിയാണിത്. മൂന്ന് സംഭവങ്ങളിലുമായി 16 ഭീകരരെയാണ് സൈന്യം വധിച്ചത്.