Sorry, you need to enable JavaScript to visit this website.

ദേശീയ സ്മാരകങ്ങളുടെ പട്ടികയിലേക്ക് അസീറിലെ 19 പ്രാചീന പ്രദേശങ്ങൾ കൂടി

അബഹ- അസീർ പ്രവിശ്യയിലെ 19 പ്രാചീന സ്ഥലങ്ങൾ കൂടി ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ വിനോദ സഞ്ചാര, ദേശീയ പൈതൃക കമ്മീഷൻ തീരുമാനിച്ചു. ഇതോടെ ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുരാതന സ്ഥലങ്ങളുടെ എണ്ണം 214 ആയി ഉയർന്നുവെന്ന് അസീർ പ്രവിശ്യാ വിനോദ സഞ്ചാര വകുപ്പ് മേധാവി എൻജി. മുഹമ്മദ് അൽഉംറ വ്യക്തമാക്കി. ക്രിസ്തുവിന് മുമ്പും ഇസ്‌ലാമിന്റെ പ്രാരംഭ ദശയിലും നിലനിന്നിരുന്ന സ്ഥലങ്ങളാണ് ഇപ്പോൾ കമ്മീഷൻ ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 14 എണ്ണം തത്‌ലീസിലും നാലെണ്ണം ബീശയിലും ഒരു കേന്ദ്രം ബൽഖറനിലുമാണ്. സൗദി പൗരന്മാരാണ് ഈ പുരാതന സംസ്‌കൃതിയുടെ വിളനിലങ്ങളായ പ്രദേശങ്ങളെ കുറിച്ച് വിവരം നൽകിയതെന്ന്  ബീശയിലെ ടൂറിസം, നാഷണൽ ഹെറിറ്റേജ് കമ്മീഷൻ ഓഫീസ് മേധാവി അബ്ദുല്ല സഈദ് അൽഅക്‌ലബി പറഞ്ഞു. ഇവിടങ്ങളിൽ കണ്ടെത്തിയ പ്രാചീന കാലത്ത് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ശിലാലിഖിതങ്ങൾ, മത്സ്യബന്ധനത്തിന് ഉപയോഗിച്ച വലകൾ, ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടത്തിലേതെന്ന് ഗണിക്കുന്ന ചുവരെഴുത്തുകൾ എന്നിവയാണ് ഈ പ്രദേശങ്ങളെ പുരാവസ്തു പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. 

Latest News