Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ചാല്‍ കടുത്ത ശിക്ഷ

ന്യൂദല്‍ഹി- കുട്ടികളെ ദുരുപയോഗം ചെയ്തു നിര്‍മിച്ച അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വിഡിയോ കൈവശം വെച്ചാല്‍ കര്‍ശന ശിക്ഷ നടപടികള്‍ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് കേന്ദ്ര പോക്‌സോ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായി കണക്കാക്കും. ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.
അശ്ലീല വിഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നവരില്‍നിന്നും കനത്ത പിഴ ഈടാക്കും. താക്കീത് നല്‍കിയിട്ടും കുറ്റം ആവര്‍ത്തിക്കുന്നവരുടെ ശിക്ഷ ഏഴു വര്‍ഷമായി ഉയര്‍ത്തും. കുറ്റാരോപിതര്‍ക്ക് 10,000 രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. കുറ്റം ആവര്‍ത്തിക്കുന്നതിന് അനുസരിച്ച് 50,000 രൂപ വരെയാകും കുറഞ്ഞ പിഴ തുക.
പോക്‌സോ നിയമത്തിന്റെ പതിനഞ്ചാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഇതിനായി വിഷയം കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെയും പരിഗണനക്കായി വിട്ടിരിക്കുകയാണ്.

 

Latest News