കാസർകോട്- കരാറുകാരൻ കുണ്ടംകുഴിയിലെ മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പോലീസിൽ പരാതി പറഞ്ഞതിന്റെ പേരിൽ തങ്ങളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഭാര്യയും കുടുംബവും ആരോപിക്കുന്നു. റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ ഭർത്താവിന്റെ ലക്ഷക്കണക്കിന് രൂപയും സ്വത്തും തട്ടിയെടുത്ത ശേഷം കോഴിക്കോട് ലോഡ്ജിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി ആത്മഹത്യയാക്കി മാറ്റിയെന്നാണ് ആരോപണം.
പണം കൈമാറുമ്പോൾ എഗ്രിമെന്റ് തയാറാക്കിയിരുന്നു. വരാപ്പുഴ പീഡന കേസിലെ പ്രതി ചിമ്മിണി ഹനീഫയാണ് ഭർത്താവിനെ ചതിച്ചതെന്നും പണവും സ്വത്തും അപഹരിച്ചതെന്നും കാസർകോട് പ്രസ് ക്‌ളബിൽ എത്തി പത്രസമ്മേളനത്തിൽ മരണപ്പെട്ട മുജീബ് റഹ്മാന്റെ ഭാര്യ ബി.എം ഖൗലത്ത് ബീവി ആരോപിച്ചു. ഭർത്താവുമായി പരിചയമുണ്ടായിരുന്ന ഇയാൾ പീഡന കേസിലെ പ്രതിയാണെന്ന് അറിയുന്നത് പിന്നീടാണ്. റിയൽ എസ്റ്റേറ്റ് കച്ചവടത്തിനായി 200 പവനോളം സ്വർണവും 41 ലക്ഷത്തോളം രൂപയും ഹനീഫ തട്ടിയെടുത്തുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഹനീഫയുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകുന്നില്ല. ഇതേ തുടർന്ന് കാസർകോട് ജില്ലാ പോലീസ് ചീഫിനും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
ഭർത്താവിന്റെ പരിചയക്കാരനായി എത്തിയ ഹനീഫക്ക് കുടുംബം വകയായി ലഭിച്ച 14 ഏക്കർ സ്ഥലം വിറ്റുകിട്ടിയ പണം നൽകിയിരുന്നു. മൊത്തം 57 ലക്ഷം രൂപ നൽകിയെന്ന് യുവതി പറയുന്നു. ആലത്തിൻകടവ് തോട്ടത്തിലെ സ്ഥലം വിറ്റ് പാണത്തൂർ പോയി സ്വാമി എന്നു വിളിക്കുന്ന ആളോട് സ്ഥലം വാങ്ങി ഭാര്യയുടെയും സഹോദരന്റെയും പേരിൽ എഴുതി വെപ്പിച്ചു. ഇത് ചോദിക്കാൻ ചെന്ന മുജീബ് റഹ്മാനെ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ വിട്ട് തല്ലിക്കുകയും ചെയ്തിരുന്നു. മാനസികമായി തളർന്ന ഭർത്താവ് ചികിത്സ തേടുകയായിരുന്നു. 2017 ഡിസംബർ 25ന് വീട്ടിൽ നിന്ന് പോയ മുജീബിനെ ഇക്കഴിഞ്ഞ ജനുവരി 13ന് ആണ് കോഴിക്കോട് ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പണവും സ്വർണവും ചോദിച്ച തന്നെ വീട്ടിൽ കയറി ഹനീഫയും ആളുകളും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരൻ ബാദുഷയെ പാലക്കുന്നിൽ വെച്ച് തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചതായും തന്റെ കുടുംബാംഗങ്ങളുടെ ജീവൻ അപകടത്തിലാണെന്നും ഖൗലത്ത് പറയുന്നു. അധികൃതർ ഇക്കാര്യത്തിൽ നടപടി എടുക്കുന്നില്ലെങ്കിൽ കുട്ടികളുമായി കലക്ടറേറ്റിന് മുന്നിൽ നിരാഹാരം കിടക്കുമെന്നും ഖൗലത്ത് ബീവി പറഞ്ഞു. സഹോദരൻ ബാദുഷ, മകൾ സിയാ ഫാത്തിമ എന്നിവരും പ്രസ്‌ക്ലബിൽ എത്തിയിരുന്നു.