Sorry, you need to enable JavaScript to visit this website.

'വേദ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ മതി'; വിളവ് കൂട്ടാന്‍ കര്‍ഷകര്‍ക്ക് ഗോവ സര്‍ക്കാരിന്റെ ഉപദേശം

പനജി- ഗോവയിലെ കര്‍ഷകര്‍ക്ക് വിളവ് വര്‍ധിപ്പിക്കാനും കൃഷി പുഷ്ടിപ്പെടുത്താനും ബി.ജെ.പി സര്‍ക്കാരിന്റെ വക പുതിയ 'സാങ്കേതിക വിദ്യ'. വളരെ സിംപിളാണ്, എന്നാല്‍ പവര്‍ഫുള്‍ ആണെന്നാണ് കൃഷി വകുപ്പ് പറയുന്നത്. 20 ദിവസം കൃഷിയിടത്തില്‍ വേദ മന്ത്രങ്ങള്‍ ചൊല്ലുകയാണ് കര്‍ഷകര്‍ ചെയ്യേണ്ടത്. മികച്ച ഗുണമേന്മയില്‍ കൂടുതല്‍ വിളവ് ഇതോടെ ലഭിക്കുമെന്നാണ് കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. 'കോസ്മിക് ഫാമിങ്' എന്ന ഓമപ്പേരാണ് സര്‍ക്കാര്‍ ഈ 'സാങ്കേതിക വിദ്യ'യ്ക്ക് നല്‍കിയിരിക്കുന്നത്. ഈ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച സംഘടനകളേയും കൂട്ടുപിടിച്ചാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി ശിവ യോഗ ഫൗണ്ടേഷന്‍, ബ്രഹ്മകുമാരീസ് എന്നീ സംഘടനകളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഒരു കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. 

കോസ്മിക് കൃഷി രീതി ഗോവയില്‍ എങ്ങനെ പ്രയോഗിക്കാമെന്നതു സംബന്ധിച്ച് പഠിക്കാന്‍ കൃഷി മന്ത്രി വിജയ് സര്‍ദേശായിയും വകുപ്പ് ഡയറക്ടര്‍ നെല്‍സണ്‍ ഫിഗ്വെരിദോയും ഹരിയാനയിലെ ശിവ് യോഗ് കൃഷിയുടെ പ്രചാരകന്‍ ഗുരു ശിവാനന്ദിനെ സന്ദര്‍ശിച്ചിരുന്നു. ശിവ് യോഗ ഫൗണ്ടേഷന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ഈ കൃഷി രീതിയുടെ പ്രാധാന്യം വിശദീകരിച്ചു നല്‍കുകയാണ് ചെയ്യുന്നതെന്ന് വകുപ്പ് ഡയറക്ടര്‍ പറയുന്നു.

വേദ മന്ത്രങ്ങള്‍ പ്രപഞ്ചത്തിലെ ഊര്‍ജ്ജം പാടത്തേക്ക് ആവാഹിച്ചെടുക്കുകയും അത് വിത്തുകളിലേക്ക് പകരുകയും മകിച്ച വിളവിന് സഹായിക്കുകയും ചെയ്യുന്നുവെന്നാണ് കോസ്മിക് കൃഷി രീതിയില്‍ വിശ്വസിക്കുന്നവര്‍ അവകാശപ്പെടുന്നതെന്ന് ഫിഗ്വെരിദോ പറഞ്ഞു. ഈ കൃഷി രീതി ചെലവ് ചുരുങ്ങിയ രീതിയാണെന്നും പരിസ്ഥിതിക്കുമേല്‍ സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കര്‍ഷകര്‍ക്ക് ഈ രീതി പരിചയപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരികയാണ്. ബ്രഹ്മകുമാരീസിന്റെ സുസ്ഥിര യോഗാ കൃഷി പദ്ധതിയും സര്‍ക്കാര്‍ പഠിച്ചു വരുന്നുണ്ട്. ഇന്ത്യയില്‍ ആയിരത്തിലേറെ കര്‍ഷകര്‍ ഈ വേദ മന്ത്ര കൃഷി രീതിയിലൂടെ മികച്ച ജൈവ കൃഷി നടത്തി വരുന്നുണ്ടെന്ന് ബ്രഹ്മകുമാരീസ് പറയുന്നു. 


 

Latest News