പോര്‍ട്‌ബ്ലെയര്‍- ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം കണ്ടെത്താന്‍ ഇനിയും സാധിച്ചില്ല. ഗോത്രവര്‍ഗക്കര്‍ കൊലപ്പെടുത്തിയ അലന്‍ ചൗവിന്റെ മൃതദേഹം ദ്വീപില്‍നിന്ന് പുറത്തെത്തിക്കാനുള്ള വഴികള്‍ തേടുകയാണ് പോലീസും അധികൃതരും.
ഉത്തര സെന്റിനല്‍ ദ്വീപിലേക്ക് പോകാന്‍ ഒരുങ്ങുന്നത് ചൗ ആരോടും പറഞ്ഞിരുന്നില്ലെന്ന് പോര്‍ട്‌ബ്ലെയറില്‍ അദ്ദേഹം താമസിച്ചിരന്ന ഹോട്ടലിന്റെ ഉടമ നിര്‍മന്‍ ലാല്‍ പറയുന്നു. രഹസ്യമാക്കി വെച്ചിരുന്നതാണ് ദാരുണ സംഭവത്തിനു കാരണമായതെന്നും ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ താന്‍ ഒരിക്കലും അദ്ദേഹത്തെ പോകാന്‍ അനുവദിക്കുമായിരുന്നില്ലെന്നും ലാല്‍ പറഞ്ഞു.
പോര്‍ട്‌ബ്ലെയറിലെ ലാലാജി ബേ വ്യൂ ഹോട്ടലിലാണ് ചൗ താമസിച്ചിരുന്നത്. എപ്പോള്‍ വന്നാലും അദ്ദേഹം 121 ാം നമ്പര്‍ മുറി തന്നെ ചോദിച്ചു വാങ്ങിയാണ് താമസിച്ചിരുന്നത്-ലാല്‍ പറയുന്നു. ഒരാഴ്ച മുമ്പാണ് ചൗ കൊല്ലപ്പെട്ടത്. ഈ മാസം 17-ന് ഒരു മൃതദേഹം ഗോത്രവര്‍ഗക്കാര്‍ തീരത്ത് കുഴിച്ചിടുന്നത് കണ്ടുവെന്ന് നിയമം ലംഘിച്ച് അലന്‍ ചൗവിനെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികള്‍ പറയുന്നുണ്ട്.
2016 മുതലാണ് അലന്‍ ചൗ ദ്വീപുകള്‍ സന്ദര്‍ശിച്ചു തുടങ്ങിയത്. ദിവസം 800 രൂപ വാടക നല്‍കിയാണ് ലാലാജി ബേ ഹോട്ടലില്‍ താമസിച്ചിരുന്നത്. അധികമൊന്നും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു ചൗവെന്നും എപ്പോഴും ഒരേ മുറിതന്നെയാണ് ആവശ്യപ്പെട്ടിരുന്നതെന്നും നിര്‍മന്‍ ലാല്‍ പറയുന്നു. ഈ മാസം 19നാണ് ചൗവിന്റെ വിവരങ്ങള്‍ ചോദിച്ച് പോലീസ് ഫോണ്‍ ചെയ്തത്. തൊട്ടടുത്ത ദിവസമാണ് ചൗ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.
2016 സെപ്റ്റംബര്‍ 14-നാണ് ചൗ ആദ്യമായി ഈ ഹോട്ടലില്‍ എത്തിയതെന്ന് ജീവനക്കാര്‍ ഓര്‍ക്കുന്നു. രണ്ട് ദിവസമാണ് തങ്ങിയിരുന്നത്. ഇതേ വര്‍ഷം ഒക്ടോബറിലെത്തി ഒരു ദിവസം തങ്ങിയ ശേഷം ഹാവ്‌ലോക് ദ്വീപില്‍ പോകുന്നുവെന്ന് പറഞ്ഞാണ് മടങ്ങിയത്. ഈ വര്‍ഷം ജനുവരി 15 ന് എത്തിയ ചൗ അഞ്ച് ദിവസം ഹോട്ടലില്‍ തങ്ങി. അവസാനമായി ഒക്ടോബര്‍ 16 നാണ് എത്തിയത്. രണ്ട് ദിവസം താമസിച്ച ശേഷം പോകുകയും ചെയ്തു.
അലന്‍ ചൗ ഹോട്ടലുടമക്ക് സമ്മാനിച്ച കലണ്ടറില്‍ ഹോട്ടലിന്റെ ചിത്രവുമുണ്ട്. 2017-2018 ലെ കലണ്ടറിലെ ആദ്യ ചിത്രം വാഷിംഗ്ടണിലെ നോര്‍ത്ത് കാസ്‌കേഡ്‌സ് നാഷണല്‍ പാര്‍ക്കില്‍ അലന്‍ ചൗ നില്‍ക്കുന്നതാണ്. ആന്‍ഡമാനിലെ വിവിധ പ്രദേശങ്ങളുടേതാണ് മറ്റു ചിത്രങ്ങള്‍.
ഹോട്ടലില്‍ താമസിക്കാനത്താറുള്ള മറ്റ് അതിഥികളില്‍നിന്ന് വ്യത്യസ്തനായിരുന്നു അലനെന്ന് നിര്‍മന്‍ ലാല്‍ പറഞ്ഞു. മറ്റുള്ളവരെ പോലെ ബാറില്‍ അധികസമയം ചെലവഴിച്ചിരുന്നില്ല. പ്രദേശവാസികളുമായി ഇടപഴകാനായിരുന്നു താല്‍പര്യം. പ്രാദേശിക ഭക്ഷണങ്ങളായ ഇഡലിയും ദോശയുമായിരുന്നു ഏറെ പ്രിയം. താന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളെ കുറിച്ചാണ് ചിത്രങ്ങള്‍ കാണിച്ച് എന്തെങ്കിലും പറഞ്ഞിരുന്നത്. അമേരിക്കയില്‍ താന്‍ ഒരു സാഹസിക ട്രാവല്‍ ഗൈഡാണെന്നാണ് ജോലിയെ കുറിച്ച് പറഞ്ഞത്. ഒരു ഡിജിറ്റല്‍ ക്യാമറയും നോട്ട്ബുക്കും സെല്‍ ഫോണും എപ്പോഴും കൈയിലുണ്ടാകും. ഹോട്ടലില്‍ കാണുമ്പോഴൊക്കെ നോട്ട്ബുക്കില്‍ എഴുതുന്നതാണ് കാണാറുള്ളതെന്നും നിര്‍മന്‍ ലാല്‍ ഓര്‍മിക്കുന്നു.
ഹോട്ടലുടമയേയും ജീവനക്കാരേയും പോലീസും സി.ഐ.ഡിയും ചോദ്യം ചെയ്തിരുന്നു. ഹോട്ടലില്‍നിന്ന് പോകുമ്പോള്‍ എല്ലാ സാധനങ്ങളും കൊണ്ടുപോയെന്ന കാര്യം പോലീസിന്റെ അറിയിച്ചതായും ലാല്‍ പറഞ്ഞു.