- ഖൈബർ പഖ്തുൻഖ്വ സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു
- കറാച്ചിയിൽ ചൈനീസ് കോൺസുലേറ്റ് ആക്രമണശ്രമം തകർത്തു, നാല് മരണം
- ആക്രമണത്തിനു പിന്നിൽ ബലൂച് വിമോചന സേന
പെഷാവർ/ കറാച്ചി- പാക്കിസ്ഥാനിൽ ഇന്നലെയുണ്ടായ രണ്ട് ഭീകരാക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റു.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ തിരക്കേറിയ കമ്പോളത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് സിക്കുകാരടക്കം 31 പേരാണ് കൊല്ലപ്പെട്ടത്. നാൽപതിലേറെ പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിനു നേരെ ഉണ്ടായ ആക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനിൽ സുരക്ഷാ സേന ജാഗ്രത പാലിച്ചു വരവേയാണ് വൻ ആൾനാശം വരുത്തിക്കൊണ്ട് ഉച്ചക്ക് ഖൈബർ പഖ്തുൻഖ്വയിൽ സ്‌ഫോടനം നടക്കുന്നത്. കോൺസുലേറ്റ് ആക്രമണ ശ്രമം പാക് സുരക്ഷാ സേന തകർത്തെങ്കിലും രണ്ട് സൈനികരടക്കം നാല് പേർ കൊല്ലപ്പെട്ടു. കോൺസുലേറ്റിലെ ചൈനീസ് ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് പാക് അധികൃതർ അറിയിച്ചു.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെ കലാഷ്‌നിക്കോവ് തോക്കുകളും ഗ്രനേഡുകളുമായി ചൈനീസ് കോൺസുലേറ്റിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച മൂന്ന് ഭീകരരെ കെട്ടിടത്തിന് പുറത്തുള്ള ചെക് പോയന്റിൽ സുരക്ഷാ സേന തടയുകായിരുന്നു. ഇതോടെ ഗ്രനേഡ് എറിഞ്ഞ സംഘം തുടർന്ന് തുരുതുരെ വെടിവെപ്പാരംഭിച്ചു. വെടിവെയ്പിൽ രണ്ട് സുരക്ഷാ സൈനികരും, കോൺസുലേറ്റിൽ ചൈനീസ് വിസക്ക് അപേക്ഷിക്കാനെത്തിയ പിതാവും മകനും കൊല്ലപ്പെട്ടു. കോൺസുലേറ്റ് കെട്ടിടത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ആക്രമണത്തിൽ കത്തിനശിച്ചു. അക്രമികളിൽ ഒരാളുടെ ദേഹത്ത് ബെൽറ്റ് ബോംബ് ഘടിപ്പിച്ചിരുന്നതായും എന്നാൽ അത് പൊട്ടിയില്ലെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും ഇല്ലായ്മ ചെയ്തതായി പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു. കോൺസുലേറ്റിലുണ്ടായിരുന്ന 21 ചൈനീസ് ഉദ്യോഗസ്ഥരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ വിഘടനവാദി സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. പാക്കിസ്ഥാനിൽ ചൈനീസ് മുതൽ മുടക്കോടെ നടന്നുവരുന്ന വമ്പൻ പദ്ധതിയായ ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയെ ശക്തിയുക്തം എതിർക്കുന്ന സംഘടനയാണിത്. പദ്ധതി പ്രകാരമുള്ള റോഡ്, റെയിൽ ലൈനുകൾ പ്രധാനമായും കടന്നുപോകുന്നത് ബലൂചിസ്ഥാനിലൂടെയാണ്. ചൈനക്കാരും, പാക്കിസ്ഥാൻ സൈനികരും മർദകരാണെന്നും അവർ ബലൂചിസ്ഥാന്റെ ഭാവിയെ നശിപ്പിക്കുകയാണെന്നും ബി.എൽ.എ വക്താവ് ജിയാന്ദ് ബലൂച് പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെ ശക്തിയായി അപലപിച്ച ചൈന, പാക്കിസ്ഥാനിലുള്ള ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാക് അധികൃതരോട് ആവശ്യപ്പെട്ടു.
ഇതിന്റെ നടുക്കം മാറും മുമ്പാണ് ഇന്നലെ ഉച്ചക്ക് അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഒറക്‌സായി ജില്ലയിലെ ഇമാം ബർഗാഹിന് സമീപം ഒരു ശിയാ മദ്രസക്കടത്തുള്ള ജുമാ ബസാറിൽ രണ്ടാമത്തെ ആക്രമണം നടക്കുന്നത്. തിരക്കേറിയ കമ്പോളത്തിൽ ആളുകൾ സാധനങ്ങൾ വാങ്ങിക്കൊണ്ടിരിക്കേയാണ് പെട്ടെന്ന് സ്‌ഫോടനമുണ്ടാകുന്നത്. മോട്ടോർ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ബോംബ് റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് പൊട്ടിച്ചത്. കമ്പോളത്തിൽ കച്ചവടക്കാരായ മൂന്ന് സിക്കുകാരും കൊല്ലപ്പെട്ടവരിൽ പെടുമെന്ന് പോലീസ് ഡപ്യൂട്ടി കമ്മീഷണർ ഖാലിദ് ഇഖ്ബാൽ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അധികവും നാട്ടുകാരായ ശിയാക്കളാണ്. മൂന്ന് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമണത്തെ ശക്തമായി അപലപിച്ച പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ മരിച്ചവരുടെ ബന്ധുക്കളെ അനുശോചനമറിയിച്ചു. ആക്രമണത്തിന് കാരണക്കാരായ ഭീകരരെ അമർച്ച ചെയ്യുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ അമേരിക്കക്ക് സംഭവിച്ച വീഴ്ചയാണ് ഇത്തരം ആക്രമണങ്ങൾക്ക് ഇടയാക്കിയതെന്ന് പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീൻ മസാരി കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ ഇനിയും പാക്കിസ്ഥാനിൽ സംഭവിക്കാനിടയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
ആക്രമണത്തെ തുടർന്ന് പ്രദേശം വളഞ്ഞ സുരക്ഷാ സേന, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും സാധാരണ ഗതിയിൽ താലിബാനാണ് ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്. പ്രവിശ്യയിൽ നിലനിൽക്കുന്ന സമാധാനത്തിൽ അത്ര സന്തോഷമില്ലാത്ത ശത്രുക്കളാണ് ആക്രമണത്തിനു പിന്നിലെന്ന് ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി മെഹ്മൂദ് ഖാൻ പറഞ്ഞു.