വിദിശ - മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ കർഷകർക്ക് വൻ വാഗ്ദാനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ പത്ത് ദിവസം കൊണ്ട് കർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന് ഭരണം കിട്ടുന്നപക്ഷം കേന്ദ്രത്തിൽ നരേന്ദ്ര മോഡി അധികാരത്തിലിരിക്കുമ്പോൾ തന്നെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നായിരുന്നു രാഹുൽ പറഞ്ഞത്. മധ്യപ്രദേശിലെ വിദിശയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡി സർക്കാർ സമ്പന്നരുടെ കടങ്ങൾ മാത്രമാണ് എഴുതിത്തള്ളിയതെന്നും, സാധാരണ കർഷകർക്കു വേണ്ടി യാതൊന്നും ചെയ്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. മോഡി തന്റെ കോർപറേറ്റ് സുഹൃത്തുക്കളുടെ കടങ്ങൾ മാത്രമാണ് എഴുതിത്തള്ളിയത്. പതിനായിരം കോടി വെട്ടിച്ച വിജയ് മല്യ രാജ്യം വിട്ടു. നീരവ് മോഡിയും മെഹുൽ ചോക്‌സിയും രാജ്യത്തു നിന്ന് മുങ്ങുന്നത് ആയിരക്കണക്കിന് കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഇങ്ങനെ സമ്പന്നരെ കാര്യമായി സഹായിക്കുന്ന സർക്കാരിന് പക്ഷെ പാവപ്പെട്ടവരുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. നിലവിലെ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തും മുമ്പ് കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും, കാർഷികോൽപന്നങ്ങൾക്ക് ന്യായവില നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാലിപ്പോൾ അതേക്കുറിച്ചെല്ലാം പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഈ മാസം 28 നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്.