മക്കയില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയി; പ്രളയത്തില്‍ രണ്ട് മരണം-video

ജിദ്ദ- സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പെയത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മക്കയില്‍ പാറയിടിഞ്ഞുവീണ് 11 കാരന്‍ മരിച്ചു. അല്‍നിഖാബ ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ കുഴിയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ബാലനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു സമീപം നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ കുഴിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പാറയിടിഞ്ഞുവീണ് ശിരസ്സിലേറ്റ പരിക്കാണ് മരണ കാരണം.
ഖൈബറില്‍ മഴക്കിടെ മിന്നലേറ്റ് യുവാവ് മരിച്ചു. ഉത്തര ഖൈബറില്‍ ആടുകളെ മേയ്ക്കുന്നതിനിടെയാണ് മുപ്പതുകാരന് മിന്നലേറ്റത്. റെഡ് ക്രസന്റ് ആംബുലന്‍സില്‍ മൃതദേഹം ഖൈബര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഓള്‍ഡ് ജിദ്ദ-മക്ക റോഡ് ഭാഗികമായി അടച്ചു. മക്കയില്‍ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ ഫാക്ടറിക്കു സമീപം ഓവുപാലം തകര്‍ന്നതിനെ തുടര്‍ന്നാണ് റോഡ് അടച്ചത്.
മക്ക വാദി ജലീലില്‍ നിരവധി കാറുകള്‍ ഒലിച്ചുപോയി. വെള്ളം കയറിയതിനാല്‍ നഗരത്തിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു.


ശക്തമായ ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയായിരുന്നു മക്കയില്‍ മഴ. സുബ്ഹി ബാങ്കിനു മുമ്പ് ആരംഭിച്ച മഴ 25 മിനിറ്റ് നേരം നീണ്ടുനിന്നു. കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചു. പലസ്ഥലങ്ങളിലും ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമായി. മണ്ണിടിച്ചില്‍ മൂലം ചില റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വാദി ജലീലിലും അല്‍മഗ്മസിലും അല്‍ശറായിഇലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. അല്‍മഗ്മസ്, അല്‍ശറായിഅ്, അല്‍ഹുസൈനിയ, അല്‍ശുഹദാ, അല്‍സാഹിര്‍ ഡിസ്ട്രിക്ടുകളിലും ഹജ് സ്ട്രീറ്റിലും വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതായി മക്ക സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു.


കൂടുതൽ വാർത്തകൾക്കും വിശകലനങ്ങൾക്കും  മലയാളം ന്യൂസ്‌ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക


മക്കയില്‍ മഴക്കിടെ കാര്‍ ഒഴുക്കില്‍ പെട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. കനത്ത മഴ മൂലം വിശുദ്ധ ഹറമില്‍ ഇന്ന് പ്രഭാത നമസ്‌കാരം വേഗത്തില്‍ പൂര്‍ത്തിയാക്കി. ഹറമിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നത്. പുലര്‍ച്ചെ 5.17 ന് ആണ് ഹറമില്‍ ബാങ്ക് വിളിച്ചത്. ഉടന്‍ തന്നെ ശൈഖ് സൗദ് അല്‍ശുറൈമിന്റെ നേതൃത്വത്തില്‍ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനിലെ ചെറിയ അധ്യായങ്ങളായ അല്‍ഫീല്‍, അല്‍ഇഖ്‌ലാസ് എന്നീ അധ്യായങ്ങളാണ് നമസ്‌കാരത്തില്‍ ഇമാം പാരായണം ചെയ്തത്. പുലര്‍ച്ചെ 5.26 ന് വിശുദ്ധ ഹറമില്‍ പ്രഭാത നമസ്‌കാരം പൂര്‍ത്തിയായി.
ശക്തമായ കാറ്റിന്റെ അകമ്പടിയോടെയായിരുന്നു ജിദ്ദയില്‍ മഴ. മോശം കാലാവസ്ഥ മൂലം ജിദ്ദ എയര്‍പോര്‍ട്ട് അടച്ചിട്ടു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അല്‍പ സമയത്തിനു ശേഷം എയര്‍പോര്‍ട്ടില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു.


തായിഫിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. അല്‍ശഫയിലും ദക്ഷിണ തായിഫിലും ആലിപ്പഴ വര്‍ഷത്തിന്റെ അകമ്പടിയോടെയായിരുന്നു മഴ. ആലിപ്പഴ വര്‍ഷത്തില്‍ മഞ്ഞുകൂനകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് തായിഫ്-അല്‍ശഫ റോഡ് സുരക്ഷാ വകുപ്പുകള്‍ അടച്ചിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആലിപ്പഴ വര്‍ഷം മൂലം ഈ റോഡ് അടച്ചിടേണ്ടിവരുന്നത്.
അല്‍ഖസീമില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ ശക്തമായ മഴ പെയ്തു. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. താഴ്‌വരകള്‍ നിറഞ്ഞൊഴുകിയതിനാല്‍ ചില റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ലൈത്തില്‍ പ്രളയത്തില്‍ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തുന്നതിന് സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററിന്റെ സഹായം തേടി. ഉനൈസ അല്‍സലാം ജുമാമസ്ജിദില്‍ വെള്ളം കയറി.

 

 

Latest News