റിയാദ് - സൗദിയിലെ ടി.വി ചാനലുകളിലും മറ്റു മാധ്യമങ്ങളിലും പ്രവർത്തിക്കുന്ന വനിതാ മാധ്യമപ്രവർത്തകർ പാലിച്ചിരിക്കേണ്ട ഡ്രസ് കോഡ് ഉൾപ്പെടെയുള്ള നിയമാവലി പുറത്തിറക്കി. ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദ് അംഗീകരിച്ച ഓഡിയോവിഷ്വൽ മീഡിയ നിയമാവലി ഔദ്യോഗിക ഗസറ്റിൽ പരസ്യപ്പെടുത്തി. ചാനലുകളിലും റേഡിയോ നിലയങ്ങളിലും പ്രവർത്തിക്കുന്ന വനിതാ മാധ്യമപ്രവർത്തകർക്ക് മാന്യമായ വേഷം നിർബന്ധമാണെന്ന് നിയമാവലി വ്യക്തമാക്കുന്നു. ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള വസ്ത്ര വ്യവസ്ഥകൾക്ക് യോജിച്ചതായിരിക്കണം. സൗദിയിൽ നിലവിലുള്ള ആചാരങ്ങൾക്കും ശീലങ്ങൾക്കും നിരക്കുന്നതാകണം. വനിതാ മാധ്യമപ്രവർത്തകരുടെ വേഷം തൊഴിൽ സാഹചര്യത്തിന് നിരക്കുന്നതും പ്രേക്ഷകരെ മാനിക്കുന്നതും ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
പ്രത്യക്ഷമായോ പരോക്ഷമായോ സിഗരറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയെ കുറിച്ച പരസ്യങ്ങൾ ചെയ്യുന്നതിൽനിന്ന് നിയമാവലി മാധ്യമങ്ങളെ വിലക്കുന്നു. അക്രമം, ഭീതിപ്പെടുത്തൽ, ആഭിചാരം, മാരണം എന്നിവയിലേക്ക് നയിക്കുകയോ പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.
സൗദിയിൽ ഭരണ അട്ടിമറിക്ക് പ്രേരിപ്പിക്കുന്ന ഒരു ഉള്ളടക്കവും മാധ്യമങ്ങൾ സംപ്രേഷണം ചെയ്യാൻ പാടില്ല. സാമൂഹിക, സാമ്പത്തിക അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരുത്തുന്നതിന് അക്രമപാത പിന്തുടരാൻ ആഹ്വാനം ചെയ്യുന്നതിനും കർശന വിലക്കുണ്ട്. സൗദി വിരുദ്ധ, നശീകരണ നിലപാടുകൾ വെച്ചുപുലർത്തുന്ന രാഷ്ട്രീയ, സാമ്പത്തിക, ധന, ആശയ, സാമൂഹിക ഗ്രൂപ്പുകളെ പ്രകീർത്തിക്കുന്നതിനും വിലക്കുണ്ട്.
വ്യക്തികളുടെ മാനത്തിന് ക്ഷതമേൽപിക്കുന്നതും അവരുടെ സ്വകാര്യത ലംഘിക്കുന്നതും അവരെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും നിയമാവലി വിലക്കുന്നു. സൗഹൃദ രാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാവതല്ല. സൗദി കറൻസിയുടെ മൂല്യത്തിൽ പ്രതികൂല സ്വാധീനമുണ്ടാക്കുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷക്ക് കോട്ടംതട്ടിക്കുന്നതിലേക്ക് നയിക്കുള്ള പ്രവർത്തനങ്ങൾക്കും കോടതികൾക്കു മുന്നിലുള്ള സ്വകാര്യ കമ്പനികളുടെയും വ്യാപാരികളുടെയും ബാങ്കുകളുടെയും പാപ്പർസ്യൂട്ട് കേസുകളെ കുറിച്ചും റിപ്പോർട്ട് ചെയ്യുന്നതിനും വിലക്കുണ്ട്.
ഔദ്യോഗിക തലത്തിൽ നടക്കുന്ന രഹസ്യ ആശയവിനിയമങ്ങൾ, കരാറുകൾ, ധാരണാപത്രങ്ങൾ എന്നിവയെ കുറിച്ച് ഔദ്യോഗിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നതിനു മുമ്പായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ പരസ്യപ്പെടുത്താൻ പാടില്ല. നഗ്നതയും മാന്യമല്ലാത്ത വേഷവിധാനങ്ങളും സഭ്യതക്ക് നിരക്കാത്ത ഭാഷാപ്രയോഗങ്ങളും അനാശാസ്യങ്ങളും പ്രദർശിപ്പിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ പാടില്ലെന്നും നിയമാവലി വ്യക്തമാക്കുന്നു.