ലഖ്‌നൗ- മുഗള്‍ ഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദല്‍ഹി ജമാ മസ്ജിദ് തച്ചുതകര്‍ക്കണമെന്ന് വര്‍ഗീയ വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധി നേടിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ജുമാ മസ് ജിദിന്റെ ചവിട്ടു പടികള്‍ക്കു താഴെ വിഗ്രഹങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെത്തിയതിനു ശേഷം മഥുരയില്‍ വച്ച് താന്‍ ആദ്യമായി നടത്തിയ പ്രസ്താവനയാണിതെന്നും ഇപ്പോഴും ഇതിലുറച്ചു തന്നെ നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയും മഥുരയും കാശിയും എല്ലാം വിട്ടേക്കൂ, ദല്‍ഹിയിലെ ജമാ മസ്ജിദ് തകര്‍ക്കൂ എന്നായിരുന്നു അന്ന് പറഞ്ഞത്. ഇതില്‍ മാറ്റമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മുഗളള്‍ ഭരണാധികാരികള്‍ ഹൈന്ദവരുടെ വികാരം വ്രണപ്പെടുത്തുകയും ക്ഷേത്രങ്ങള്‍ തകര്‍ത്ത് മുവ്വായിരം പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. യുപിയിലെ ഉന്നാവില്‍ വെള്ളിയാഴ്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ബി.ജെ.പി നേതാവിന്റെ വിവാദ പ്രസ്താവന.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന കാര്യം ബി.ജെ.പിക്ക് ഉറപ്പാണെന്നും കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.എസ്.പി നേതാവ് മായാവതിയും എസ്.പി നേതാവ് അഖിലേഷ് യാദവുമാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സോമനാഥ ക്ഷേത്ര മാതൃകയില്‍ അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.