ഭോപാല്‍- മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നറിയിച്ച് ഒരു സംഘം മത നേതാക്കള്‍. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സഹമന്ത്രി പദവി നല്‍കിയ കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന സന്യാസിയും ഇവരില്‍ ഉള്‍പ്പെടും. ഇതുവരെ ബി.ജെ.പിയെ പിന്തുണച്ചു പോന്നയാളാണ് ബാബ. സമാന മനസ്‌ക്കരായ സന്യാസികളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണിച്ചു വരുത്തി നര്‍മദെ സന്‍സദ് എന്ന പേരില്‍ കമ്പ്യൂട്ടര്‍ ബാബ വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതായി ഇവര്‍ പ്രഖ്യാപിച്ചത്. സന്യാസികള്‍ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നതെന്ന് സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അവര്‍ക്ക് (ബി.ജെ.പിക്ക്) 15 വര്‍ഷം നല്‍കാമെങ്കില്‍ നമുക്ക് കോണ്‍ഗ്രസിനു ഉറപ്പായും അഞ്ച് വര്‍ഷം നല്‍കാം. കോണ്‍ഗ്രസ് സത്യം ഉയര്‍ത്തിപ്പിടിക്കുകയാണെങ്കില്‍ ഭാവിയിലും അവരെ പിന്തുണക്കാം. ഇല്ലെങ്കില്‍ നാം പിന്തുണ പിന്‍വലിക്കും-ബാബ പറഞ്ഞു.
ഏപ്രിലില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ ബാബയ്ക്ക് സഹമന്ത്രി പദവി നല്‍കുകയും നര്‍മദാ നദീ സംരക്ഷണ സമിതിയില്‍ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ശിവരാജ് സിങ് കപടനാണെന്നും വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നും ആരോപിച്ച് ഒക്ടോബറില്‍ സഹ മന്ത്രി പദവി ബാബ രാജിവെച്ചു.