Sorry, you need to enable JavaScript to visit this website.

കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധിയില്‍ സ്‌റ്റേ നീട്ടണമെന്ന ആവശ്യം തള്ളി

കൊച്ചി- അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധിയില്‍ സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തിലാണ് ഹൈക്കോടതി തീരുമാനം. സുപ്രീം കോടതി അപ്പീല്‍ പരിഗണിക്കുന്ന 27 വരെ കെ.എം. ഷാജി അയോഗ്യനായിരിക്കും. സ്റ്റേ നീട്ടണമെന്ന ഷാജിയുടെ ഹരജിയാണ് തീര്‍പ്പാക്കിയത്.
അതിനിടെ, കെ.എം.ഷാജിയെ സഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും സ്പീക്കര്‍  പറഞ്ഞു. ഹൈക്കോടതി വിധിയാണ് തങ്ങളുടെ മുന്നിലുള്ളതെന്നാണ് പറഞ്ഞതെന്ന് സ്പീക്കര്‍ വിശദീകരിച്ചു. എം.എല്‍.എ സ്ഥാനത്തുനിന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗൊയി വാക്കാല്‍ പറഞ്ഞത് സ്പീക്കര്‍ തളളിയിരുന്നു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം അസ്ഥാനത്തായിപ്പോയെന്ന് കെ.എം.ഷാജി ദല്‍ഹിയില്‍ പ്രതികരിച്ചിരുന്നു.   നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ലെന്നും അപ്പീലില്‍ സുപ്രീം കോടതി ഉത്തരവ് വരുന്നതു വരെ കാത്തിരിക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.

 

Latest News