ദമാം - ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിന് പുതിയ നിയമം നിർമിച്ചതായി സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ ഇബ്രാഹിം അൽഉമർ പറഞ്ഞു. അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചെറുകിട, ഇടത്തരം മേഖലാ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ ഫോറം ഉദ്ഘാടനം ചെയ്തു.
വൈകാതെ പുതിയ നിയമം നടപ്പാക്കിത്തുടങ്ങും. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ബിനാമി ബിസിനസ് പ്രവണത വലിയ തോതിൽ കുറയും. സൗദിയിലെ മൊത്തം വ്യാപാര, നിക്ഷേപ സ്ഥാപനങ്ങളിൽ 95 ശതമാനവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ്. സാമ്പത്തിക വളർച്ചക്ക് പ്രധാന ചാലക ശക്തിയും ഇവയാണ്. എന്നാൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം മേഖലയുടെ സംഭാവന പ്രതീക്ഷക്ക് നിരക്കുന്നതല്ല. മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് 40 ശതമാനത്തിൽ നിന്ന് 65 ശതമാനമായും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പങ്ക് 20 ശതമാനത്തിൽ നിന്ന് 35 ശതമാനമായും ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ആഗോള തലത്തിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ 60 മുതൽ 70 ശതമാനം വരെ ചെറുകിട, ഇടത്തരം മേഖലയുടെ പങ്കാണ്. സൗദിയിൽ ഇത് 20 ശതമാനം മാത്രമാണെന്നും ഇബ്രാഹിം അൽഉമർ പറഞ്ഞു.