മക്ക - സുരക്ഷാ ഉദ്യോഗസ്ഥർ ബുധനാഴ്ച മക്കയിലെ ഏതാനും ഡിസ്ട്രിക്ടുകളിൽ നടത്തിയ റെയ്ഡുകളിൽ 108 നിയമ ലംഘകർ പിടിയിലായി. അർധ രാത്രി ആരംഭിച്ച റെയ്ഡ് ഇന്നലെ പുലർച്ചെ വരെ നീണ്ടു. പോലീസും പ്രത്യേക ദൗത്യസേനയും കുറ്റാന്വേഷണ വകുപ്പും പട്രോൾ പോലീസും മുജാഹിദീൻ സുരക്ഷാ സേനയും സൗദി ഇലക്ട്രിസിറ്റി കമ്പനിയും റെഡ് ക്രസന്റും ചേർന്നാണ് റെയ്ഡുകൾ നടത്തിയത്.
യാചകരും വഴിവാണിഭക്കാരും നുഴഞ്ഞുകയറ്റക്കാരും അടക്കമുള്ളവർ പിടിയിലായി. സ്ത്രീകളും കുട്ടികളും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. രോഗം പടർന്നുപിടിക്കുന്നതിന് സാധ്യത കൂടിയ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവർ താമസിച്ചിരുന്നത്. അനധികൃത താമസക്കാർക്ക് വാടകക്ക് നൽകിയതിന് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി കെട്ടിട ഉടമകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന് കെട്ടിടങ്ങളിലെ വൈദ്യുതി മീറ്റർ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്. നാടു കടത്തുന്നതിനു വേണ്ടി നിയമ ലംഘകരെ പിന്നീട് ശുമൈസി ഡീപോർട്ടേഷൻ സെന്ററിലേക്ക് അയച്ചു.