റിയാദ് - ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസിൽ സൗദി യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് ആഭ്യന്തര ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ബിസിനസ്, ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്കെല്ലാം ഇളവ് ലഭിക്കും.
പതിനെട്ടിൽ കൂടുതൽ പ്രായമുള്ള സൗദി യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കാണ് ഇളവ് ലഭിക്കുക. സാമൂഹിക സേവന ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുമാണ് വിദ്യാർഥികൾക്കുള്ള പുതിയ ഇളവ് പദ്ധതിയെന്ന് കമ്പനി പറഞ്ഞു.
ഫ്ളൈ നാസ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർഥികൾക്ക് വർഷം മുഴുവൻ ഇളവ് ലഭിക്കും. ബോർഡിംഗ് പാസുകൾ എയർപോർട്ടുകളിലെ ഫ്ളൈ നാസ് കൗണ്ടറുകൾ വഴിയാണ് നേടേണ്ടത്. ബുക്കിംഗ് സമയത്ത് രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിന് കൗണ്ടറുകളിൽ യൂനിവേഴ്സിറ്റി തിരിച്ചറിയൽ കാർഡ് കാണിക്കണം.
യൂനിവേഴ്സിറ്റി തിരിച്ചറിയൽ കാർഡിലെ വിവരങ്ങളും ബുക്കിംഗ് സമയത്ത് രജിസ്റ്റർ ചെയ്ത വിവരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഇളവ് വ്യവസ്ഥകൾ ലംഘിച്ചതിന് യാത്രക്കാരന് സീറ്റ് നിഷേധിക്കുന്നതിന് ഫ്ളൈ നാസിന് അവകാശമുണ്ടാകുമെന്നും കമ്പനി പറഞ്ഞു.