ന്യൂദൽഹി- ആസന്നമായ അസംബ്ലി, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിശ്വാസ്യത നഷ്ടപ്പെട്ട വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ന്യായ് ഭൂമി എന്ന സന്നദ്ധ സംഘടന നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കരുതെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, ഏതു സംവിധാനവും യന്ത്രങ്ങളും ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും സാധിക്കുമെന്നും എല്ലായിടത്തും സംശയങ്ങൾ ഉണ്ടാവുമെന്നും വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്.