തിരുവനന്തപുരം- തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി ജയിച്ചുവെന്ന പരാതിയെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനത്ത് നിന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം. ഷാജി എല്‍.എല്‍.എയെ സുപ്രീം കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാമെന്ന് ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത് വാക്കാലുള്ള നിര്‍ദേശമാണ്. ഇത് നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നും രേഖാ മൂലമുള്ള ഉത്തരവുകള്‍ അനുസരിക്കാനുള്ള ബാധ്യതയെ ഉള്ളൂവെന്നുമാണ് സ്പീക്കറുടെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല. അതേസമയം നവംബര്‍ 27ന് സഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് ഹൈക്കോടതി സ്റ്റേ നീട്ടിക്കിട്ടിയാല്‍ ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
നേരത്തെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഷാജിയെ ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി തന്നെ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഇത് ഇന്നത്തോടെ അവസാനിക്കുകയാണ്. ഇതോടെ ഷാജിയുടെ നിയമസഭാംഗം അല്ലാതാകും. ഇനി അടുത്ത നാലു ദിവസത്തിനകം ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നീട്ടി വാങ്ങുകയോ അല്ലെങ്കില്‍ സുപ്രീം കോടതിയില്‍ അനുകൂല ഉത്തരവ് സമ്പാദിക്കുകയോ ചെയ്തില്ലെങ്കില്‍ ഷാജിക്ക് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല.
ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണക്കണമെന്ന ഷാജിയുടെ ആവശ്യം വ്യാഴാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പു ഹര്‍ജികളില്‍ സാധാരണയായി എടുക്കുന്ന നടപടികളെ ഈ അപ്പീലിലും സാധ്യമാകൂവെന്നും അടിയന്തിരമായി പരിഗണിക്കില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്ങല്‍ കൈപ്പറ്റാനാകില്ലെന്നും കോടതി വാക്കാല്‍ നീരീക്ഷിക്കുകയും ചെയ്തു. ഇത് കോടതി ഉത്തരവാക്കാത്തതാണ് ഷാജിക്ക് തിരിച്ചടിയായത്.
നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഷാജി പ്രതികരിച്ചു.