Sorry, you need to enable JavaScript to visit this website.

സിഖ് വിരുദ്ധ കലാപം;  വിധി ഏറെ പ്രസക്തം

1984 ലെ സിഖ് വിരുദ്ധ കലാപക്കേസിലെ ഒരു പ്രതിക്കു വധശിക്ഷയും മറ്റൊരാൾക്കു ജീവപര്യന്തം തടവും ശിക്ഷിച്ച അഡീഷണൽ സെഷൻസ് കോടതിയുടെ വിധി സമകാലിക രാഷ്ട്രീയാവസ്ഥയിൽ പ്രസക്തമാണ്. ആധുനിക കാലത്തിനു അനുയോജ്യമായ ഒന്നല്ല വധശിക്ഷ എന്നതിൽ സംശയമില്ല. അതേസമയം ഗുജറാത്ത് കൂട്ടക്കൊലയേക്കാൾ ഭയാനകം. മതേതര പാർട്ടിയെന്നറിയപ്പെടുന്ന കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ മുൻകൈയിൽ നടന്നതുമായ സിഖ് കൂട്ടക്കൊലയിൽ ദശകങ്ങൾക്കുശേഷവും ആരും ശിക്ഷിക്കപ്പെടാതിരുന്നത് ഇന്ത്യൻ ജനാധിപത്യത്തിനും നീതിന്യായ സംവിധാനത്തിനും അപമാനകരമായിരുന്നു. അതിനൊരു തിരുത്തുതന്നെയാണ് ഈ കോടതിവിധി. 
കലാപത്തിനു നേതൃത്വം നൽകിയതിനോ വ്യാപകമായി കൂട്ടക്കൊലകൾ നടത്തിയതിനോ അല്ല ശിക്ഷ എന്നത് ശ്രദ്ധേയമാണ്. തെക്കൻ ഡൽഹിയിലെ മഹിപാൽപൂരിൽ ഹർദേവ് സിങ്, അവതാർ സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോടതിവിധി.  തെളിവില്ലെന്ന കാരണത്താൽ ഡൽഹി പോലീസ് 1994ൽ അവസാനിപ്പിച്ച കേസുകളിലൊന്നാണിത്. എന്നാൽ, 241 സിഖ് വിരുദ്ധ കലാപക്കേസുകളിൽ അന്വേഷണം നടത്താതെ അവസാനിപ്പിച്ച 186 കേസുകളിൽ പുനരന്വേഷണം വേണമെന്നു സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ച പ്രത്യേക സംഘമാണ് പിന്നീട് കുറ്റപത്രം സമർപ്പിച്ചത്.
1984 ഒക്ടോബർ 31 ന് മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടർന്നാണു രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. സിഖ് വിരുദ്ധ കലാപത്തിൽ രാജ്യത്താകമാനം 2,733 പേർ കൊല്ലപ്പെട്ടെന്നാണു കണക്കുകൾ. ഇതിൽ 2,100 കൊലപാതകങ്ങളും ഡൽഹിയിലാണ് അരങ്ങേറിയത്.  30 വർഷം മുമ്പ് ആ വൻമരം വീണപ്പോൾ അടിയിൽപെട്ട് ഇല്ലാതായ ചെറുചെടികളായിരുന്നു അവരെന്നു പറഞ്ഞ് കൂട്ടക്കൊലകളെ ന്യായീകരിച്ചത് ഇന്ദിരക്കുശേഷം പ്രധാനമന്ത്രിയായ മകൻ രാജീവ് ഗാന്ധി തന്നെയായിരുന്നു. ഇന്നുവരേയും അവർക്ക് നീതി ലഭിച്ചിരുന്നില്ല. അതാണ് രണ്ടുപേർക്കു മാത്രമാണെങ്കിലും ഈ വിധിയുടെ പ്രസക്തി. മതത്തിന്റെ കലാപങ്ങൾ സൃഷ്ടിക്കുന്ന സമകാലിക രാഷ്ട്രീയാവസ്ഥയിൽ പ്രതേകിച്ചും. 
സ്വതന്ത്ര ഖാലിസ്ഥാനായി കലാപം നടത്തിയ സിഖ് തീവ്രവാദികളെ തുരത്താൻ അമൃത് സർ ക്ഷേത്രത്തിൽ നടത്തിയ സൈനിക ഇടപെടലായിരുന്നു ഇന്ദിരയുടെ വധത്തിലേക്ക് നയിച്ചതെന്ന ചരിത്രം എല്ലാവർക്കുമറിയാവുന്നത്.
 അംഗരക്ഷകരായ സിഖുകാരെ മാറ്റാൻ നിരവധി പേർ ഉപദേശിച്ചിരുന്നെങ്കിലും ഇന്ദിര അതിനു തയ്യാറായില്ല. അതേ സിഖുകാരാലാണ് അവർ കൊല്ലപ്പെട്ടത്. തുടർന്നായിരുന്നു കൂട്ടക്കൊലകൾ അരങ്ങേറിയത്.  അക്രമികൾ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അക്രമത്തെത്തുടർന്ന് ഏതാണ്ട് 20000 ഓളം ആളുകൾ ഡൽഹി വിട്ട് ഓടിപ്പോയിയെന്ന് സർക്കാരിന്റെ ഔദ്യോഗിക രേഖകൾ പറയുന്നു. വ്യക്തമായ പദ്ധതിപ്രകാരം നടത്തിയ ഒരു കലാപമായിരുന്നു ഇതെന്ന് മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും വിശ്വസിക്കുന്നു.  
കോൺഗ്രസ് പാർലമെന്റംഗം കൂടിയായ, സജ്ജൻകുമാറിന്റെ നേതൃത്വത്തിൽ അക്രമികൾക്ക് മദ്യവും നൂറുരൂപാ നോട്ടുകളും നൽകിയത്രെ. നവംബർ 1 ന് അക്രമാസക്തരായ ജനക്കൂട്ടം ഡൽഹിക്കടുത്ത സുൽത്താൻപുരിയിലും ത്രിലോക്പുരിയിലും മംഗൽപുരിയിലും തെരുവിലിറങ്ങി. പിന്നീട് ഡൽഹിയിലും അക്രമം വ്യാപിച്ചു. ഇരുമ്പു ദണ്ഡുകളും സ്ഫോടക വസ്തുക്കളും കഠാരകളും മണ്ണെണ്ണയുമായെത്തിയ അക്രമികൾ കണ്ണിൽ കണ്ട സിഖ് സമുദായാംഗങ്ങളെയെല്ലാം ആക്രമിച്ചു. ഡൽഹിയിൽ ബസ്സുകളും ട്രെയിനുകളും തടഞ്ഞ് നിർത്തി സിഖുകാരായ യാത്രക്കാരെ തെരഞ്ഞ് പിടിച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. സജ്ജൻകുമാറിന്റെ നേതൃത്വത്തിൽ സിഖ് വംശജർ താമസിക്കുന്ന സ്ഥലങ്ങളിൽ ആയുധങ്ങളുമായി അക്രമികൾ ഇരച്ചു കയറി. ഗുരുദ്വാരകളിൽ അഭയം തേടിയവർ അവിടെ വെച്ച് കൂട്ടമായി ആക്രമിക്കപ്പെട്ടു. സിഖുകാർ കൂട്ടമായി താമസിച്ചിരുന്ന പ്രദേശങ്ങളിൽ മൃതശരീരങ്ങളിലോ, മൃതശരീരങ്ങളിൽ നിന്നും വേർപെട്ട ഭാഗങ്ങളിലോ ചവിട്ടാതെ നടക്കാനാവുമായിരുന്നില്ലെന്ന് പിറ്റേദിവസം സംഭവസ്ഥലം സന്ദർശിച്ച ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടർ രാഹുൽ ബേദി രേഖപ്പെടുത്തിയിരിക്കുന്നു. കൂട്ടക്കൊലയെ കുറിച്ച് പിന്നീട് നിരവധി കമ്മീഷനുകൾ അന്വേഷിച്ചു. 
എന്നാൽ മൂന്നു പതിറ്റാണ്ടിനുശേഷവും സിഖ് സമുദായത്തിനു നീതി ലഭിച്ചിരുന്നില്ല. വൈകി ലഭിക്കുന്ന നീതി നീതിയല്ലായിരിക്കാം. എങ്കിലും ഈ ഭയാനക കലാപത്തിനു നേതൃത്വം നൽകിയവരെല്ലാം ഇനിയെങ്കിലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്.  അതിനൊരു തുടക്കമാകണം ഈ വിധി.
 

Latest News