പോര്‍ട്ട് ബ്ലെയര്‍- ആന്‍ഡമാന്‍ നിക്കോബാറിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപുവാസികളായ ഗോത്ര വര്‍ഗക്കാര്‍ അമ്പെയ്തു കൊലപ്പെടുത്തിയ യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗ (26) ക്രിസ്തീയ മത പ്രചരണത്തിനാണ് ഇവിടെ എത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. നോര്‍ത്ത് സെന്റിനല്‍ ദ്വീപിലെ പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത അത്യപൂര്‍വ്വ സംരക്ഷിത ഗോത്ര വര്‍ഗക്കാരുമായി സമ്പര്‍ക്കം പുലര്‍ത്താനും അവരെ മതം മാറ്റാനുമാണ് ചൗ സാഹസിക യാത്ര നടത്തിയതെന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഉദ്ധരിക്കുന്ന റിപോര്‍ട്ടില്‍ പറയുന്നു. ലോകത്ത് പലയിടത്തേക്കും ചൗ ഇതു പോലെ സാഹസിക മതപ്രചാരണ യാത്രകള്‍ നടത്തിയിട്ടുണ്ട്. നുറ്റാണ്ടുകളായി പുറം ലോകവുമായും മറ്റു മനുഷ്യരുമായും സമ്പര്‍ക്കമില്ലാതെ കഴിയുന്ന ഈ ആദിമ ഗോത്ര വിഭാഗം പുറത്തു നിന്നുള്ളവരെ ആക്രമോത്സുകമായാണ് നേരിടുന്നതെന്നും ചൗവിന്റെ ഡയറിക്കുറിപ്പുകളിലുണ്ട്.
അധികൃതരുടെ കണ്ണുവെട്ടിച്ച് തന്നെ സെന്റിനല്‍ ദ്വീപിലെത്തിക്കാന്‍ സ്വദേശികളായ മത്സത്തൊഴിലാളികള്‍ക്ക് 25,000 രൂപ ചൗ കൈക്കൂലി നല്‍കിയെന്ന് വ്യക്തമായിട്ടുണ്ട്. നവംബര്‍ 14നാണ് മത്സ്യതൊഴിലാളികള്‍ ബോട്ടില്‍ യുവാവിനെ ആദ്യം ദ്വീപിലെത്തിക്കാന്‍ ശ്രമിച്ചത്. സെന്റിനല്‍ ദ്വീപിലെ കരയില്‍ നിന്നും 500 മീറ്റര്‍ അകലെ ബോട്ട് നങ്കൂരമിട്ട ശേഷം തൊട്ടടുത്ത ദിവസം ചെറിയ തോണി ഉപയോഗിച്ച് ചൗ ഒറ്റയ്ക്ക് കരയിലേക്ക് തുഴയുകയായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ബൈബിളും ഉണ്ടായിരുന്നതായി ആന്‍ഡമാന്‍ നിക്കോബാര്‍ പോലീസ് മേധാവി ദിപേന്ദ്ര പഥക് പറഞ്ഞു. കരയിലേക്കു അടുത്തതോടെ ഗോത്രവര്‍ഗക്കാര്‍ യുവാവിനു നേര്‍ക്ക് അമ്പെയ്ത്തു നടത്തി ആക്രമിച്ചു. എങ്കിലും അദ്ദേഹം മുന്നോട്ടു തന്നെ തുഴഞ്ഞു. ആക്രമണം രൂക്ഷമായതോടെ നിസ്സാര പരിക്കുകളോടെ ചൗ തിരിച്ചു വന്നു. മുറിവുകളില്‍ മരുന്ന് വച്ച് ഭക്ഷണവും കഴിച്ച് തന്റെ അനുഭവം ഡയറിയില്‍ കുറിച്ചു വിശ്രമിച്ചു. പിന്നീട് അര്‍ദ്ധരാത്രിയാണ് വീണ്ടും ചൗ തോണിയെടുത്ത് ദ്വീപിലേക്ക് പുറപ്പെട്ടത്. മത്സ്യതൊഴിലാളികള്‍ അവസാനമായി ചൗവിനെ ജീവനോടെ കണ്ടത് ഈ സമയത്തായിരുന്നു. തൊട്ടടുത്ത ദിവസം (നവംബര്‍ 17) രാവിലെ ചൗവിന്റേതെന്ന് കരുതപ്പെടുന്ന മൃതദേഹം ഗോത്രവര്‍ഗക്കാര്‍ കടല്‍ക്കരയിലൂടെ വലിച്ചു കൊണ്ടു പോയി മണലില്‍ കുഴിച്ചു മൂടുന്നത് കണ്ടതായും മത്സ്യതൊഴിലാളികള്‍ പറയുന്നു.
കൊല്ലപ്പെടുന്നതിനു മുമ്പുള്ള ദിവസങ്ങളിലെ ചൗവിന്റെ കുറിപ്പുകളില്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ചൗവിന്റെ അമ്മയാണ് ഈ കുറിപ്പുകള്‍ വാഷിങ്ടണ്‍ പോസ്റ്റിനു നല്‍കിയത്. ഒരു ചെറിയ മത്സ്യബന്ധ ബോട്ടില്‍ ദുര്‍ഘടം പിടിച്ച യാത്ര നടത്തിയ കാര്യമാണ് ചൗ എഴുതിയിരിക്കുന്നത്. സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാര്‍ ചെറിയ കുടിലുകളിലാണ് കഴിയുന്നതെന്നും അഞ്ചടി പൊക്കമുള്ള മുഖത്ത് മഞ്ഞ നിറത്തിലുള്ള ചായം തേച്ച ഇവര്‍ ദേഷ്യത്തോടെയാണ് പെരുമാറിയതെന്നും ചൗ എഴുതിയിട്ടുണ്ട്. അവരുടെ ഭാഷയില്‍ അവരോട് സംസാരിക്കാന്‍ ശ്രമിക്കുകയും ആരാധനാ ഗീതങ്ങള്‍ പാടുകയും ചെയ്‌തെങ്കിലും അവര്‍ ആക്രമിച്ചു. കൂട്ടത്തിലെ ഒരു കുട്ടിയും അമ്പെയ്തു. അത് തന്റെ കയ്യിലുണ്ടായിരുന്ന വെള്ളം നനഞ്ഞാല്‍ കേടാകാത്ത ഒരു ബൈബിളില്‍ തുളഞ്ഞു കയറിയതായും ചൗ എഴുതിയിട്ടുണ്ട്.
ക്രിസ്തീയ മത പ്രബോധകന്‍ കൂടിയായ ഒരു ഇലക്ട്രോണിക് കമ്പനി ജീവനക്കാരനും ചൗവിന്റെ സുഹൃത്തുമായ അലക്‌സാണ്ടര്‍ എന്നയാളാണ് ചൗവിന് അപകടം സംഭവിച്ചതായി അമേരിക്കയിലുള്ള കുടുംബത്തേയും സുഹൃത്തുക്കളേയും അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ ചെന്നെയിലെ യുഎസ് കോണ്‍സുലേറ്റിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൗ 2015ലും ആന്‍ഡമാനില്‍ വന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 2016-ലാണ് അലക്‌സാണ്ടറുമായി സൗഹൃദത്തിലാകുന്നത്.
സെന്റിനല്‍ ദ്വീപിലേക്ക് പോകുന്നത് നിയമ വിരുദ്ധമാണെന്നും പുറത്തു നിന്നുള്ളവരെ ഗോത്ര വര്‍ഗക്കാര്‍ ആക്രമിക്കുമെന്നും അറിഞ്ഞുകൊണ്ടു തന്നെയാണ് മത്സ്യതൊഴിലാളികലും ചൗവും അങ്ങോട്ട് പോയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഏതാനും മത്സതൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ് എന്നിവരുടെ കണ്ണ് വെട്ടിച്ച് ഇവര്‍ എങ്ങനെ ദ്വീപിനടുത്തേക്ക് പോയി എന്നതു സംബന്ധിച്ചും സംശയങ്ങളുയര്‍ന്നിട്ടുണ്ട്. പുറം കടലില്‍ മത്സ്യ ബന്ധനത്തിന് പുറപ്പെടുന്ന രീതിയിലാണ് മത്സ്യതൊഴിലാളികലും ചൗവും യാത്ര ആസൂത്രണം ചെയ്തതെന്നും കോസ്റ്റ് ഗാര്‍ഡ് പട്രോളില്‍ ഇവര്‍ മത്സ്യബന്ധനം നടത്തുന്നതായാണ് കാണപ്പെട്ടതെന്നും പോലീസ് പറയുന്നു. പട്രോള്‍ കപ്പല്‍ മറയുന്നതോടെ ഇവര്‍ നിരോധിത മേഖലയിലേക്ക് നീങ്ങുകലും പട്രോള്‍ കപ്പല്‍ അടുത്തു വരുമ്പോള്‍ മാറ്റുകയും ചെയ്യുകയായിരുന്നു.
2004ല്‍ സുനാമി ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ സൈനിക കോപ്റ്ററിനു നേര്‍ക്കും ഈ ഗോത്ര വിഭാഗക്കാരുടെ അമ്പെയ്ത്ത് ആക്രമണമുണ്ടായിട്ടുണ്ട്. ഇവരുടെ മേഖലയിലേക്ക് പ്രവേശിക്കുന്നത് പ്രകോപനമായിട്ടാണ് അവര്‍ കണക്കാക്കുന്നത്. അതു കൊണ്ടു തന്നെ അധികൃതര്‍ പോലും അങ്ങോട്ട് അടുക്കാറില്ല.