ലണ്ടന്‍- പാക്കിസ്ഥാനില്‍ മതനിന്ദാ കേസില്‍ എട്ട് വര്‍ഷം ജയിലിലടച്ച ശേഷം മോചിപ്പിച്ച ക്രൈസ്തവ വനിത ആസിയാ ബിബിയുടെ കുടുംബത്തിനുവേണ്ടി തീവ്രവാദികള്‍ വീടുവീടാന്തരം തിരച്ചില്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ട്. തങ്ങളെ കണ്ടെത്താന്‍ ഫോട്ടോകള്‍ സഹിതമാണ് തിരിച്ചില്‍ നടക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാചക നിന്ദ നടത്തിയെന്ന കേസില്‍ വധശിക്ഷക്കു വധിച്ചിരുന്ന ആസിയാ ബിബിയെ മൂന്നാഴ്ച മുമ്പാണ് പാക്കിസ്ഥാന്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയതും മോചിപ്പിച്ചതും. ഇതിനുശേഷം ഇവര്‍ പാക്കിസ്ഥാന്‍ വിട്ടതായാണ് സൂചന.
യൂറോപ്പിലോ നോര്‍ത്ത് അമേരിക്കന്‍ രാജ്യത്തോ ആസിയാ ബിബിയുടെ കുടുംബത്തിന് അഭയം നല്‍കണമെന്നാണ് അഭിഭാഷകനും ബന്ധുക്കളും അവരെ പിന്തുണക്കുന്നവരും ആവശ്യപ്പെടുന്നത്. പല രാജ്യങ്ങളും അഭയം വാഗ്ദാനം ചെയ്തുവെങ്കിലും ഇതവരെ യാഥാര്‍ഥ്യമായിട്ടില്ല.
കഴിഞ്ഞ മൂന്നാഴ്ചയായി ആസിയയുടെ കുടുംബവുമായി എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്നും ചര്‍ച്ച് ഇന്‍ നീഡ് യുകെ വക്താവ് ജോണ്‍ പറഞ്ഞു.
സുപ്രീം കോടതി വിധിക്കുശേഷം പാക്കിസ്ഥാന്‍ വിട്ട ആസിയാ ബിബിയുടെ അഭിഭാഷകനും യൂറോപ്യന്‍ രാജ്യത്ത് അഭയത്തിനു ശ്രമിക്കുകയാണ്.
ആസിയ ബിബിയുടെ കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കുന്നുണ്ടോ എന്ന അന്വേഷണത്തിന് കൃത്യമായ മറുപടി ബ്രിട്ടീഷ് അധികൃതര്‍ നല്‍കിയിട്ടില്ല. അവരുടെ കുടുംബത്തെ കൂടുതല്‍ അപകടത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി.
അതിനിടെ, ബ്രിട്ടീഷ് മുസ്്‌ലിംകള്‍ ആശങ്ക അറിയിച്ചതിനാലാണ് ആസിയാ ബിബിക്ക് ബ്രിട്ടനില്‍ അഭയം നല്‍കാത്തതെന്ന റിപ്പോര്‍ട്ടുകളില്‍ ബ്രിട്ടനിലെ മുസ്ലിം കൗണ്‍സില്‍ പ്രതിഷേധിച്ചു. ആസിയാ ബിബിക്ക് അഭയം നിഷേധിക്കുന്നതിന് കാരണമൊന്നുമില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.