ന്യൂദൽഹി- അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പറഞ്ഞെങ്കിലും രാഷ്ട്രീയത്തിൽനിന്നു വിട്ടു നിൽക്കില്ലെന്നു വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മധ്യപ്രദേശിലെ വിദിഷയിൽ നിന്നുള്ള ലോക്‌സഭാംഗമായ സുഷമ ഇൻഡോറിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് താൻ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു പറഞ്ഞത്. ആരോഗ്യ കാരണങ്ങളാൽ മത്സര രംഗത്തു നിന്നൊഴിവാകുന്നു എന്നാണ് മന്ത്രി പറഞ്ഞത്.
സുഷമയുടെ പ്രഖ്യാപനം വന്നയുടൻ തന്നെ അവർ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കരുതെന്നു ചൂണ്ടിക്കാട്ടി രാജ്യസഭാംഗം സ്വപൻ ദാസ് ഗുപ്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നാലും സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിവാകില്ലെന്ന് സുഷമ തന്നെ ഉറപ്പു നൽകിയത്.
സുഷമ സ്വരാജിനെ പിന്തുണച്ച് ശശി തരൂർ എം.പിയും ട്വീറ്റ് ചെയ്തു. സുഷമ മികച്ച വിദേശകാര്യ മന്ത്രിയാണെന്നും പാർലമെന്റിൽ നിന്നു വിട്ടുനിൽക്കുന്നത് സങ്കടകരമാണെന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്. തരൂരിന് നന്ദി പറഞ്ഞ സുഷമ താൻ സജീവമായി തന്നെ രംഗത്തുണ്ടാകുമെന്ന് ആവർത്തിച്ചു. മുൻ യു.പി.എ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരവും സുഷമ സ്വരാജിന്റെ സേവനങ്ങളെ പ്രകീർത്തിച്ചു.