റിയാദ് - സൗദിയിൽ ഫാമിലി ടാക്‌സി സേവനത്തിന് ഔദ്യോഗിക തുടക്കം. ഫാമിലി ടാക്‌സി സർവീസ് നിയമാവലി പ്രാബല്യത്തിലായി. കര ഗതാഗത മേഖലയിലെ ഏതു സേവന രംഗത്തും ജോലി ചെയ്യുന്നതിൽനിന്നും സൗദി വനിതകളെ വിലക്കുന്നില്ലെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
ഫാമിലി ടാക്‌സി സർവീസിന് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് ലൈസൻസ് അനുവദിക്കുക. വ്യക്തികൾക്ക് ഫാമിലി ടാക്‌സി ലൈസൻസ് അനുവദിക്കില്ല. ഫാമിലി ടാക്‌സി കാറുകളിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നതിന് ഡ്രൈവിംഗ് ലൈസൻസ് അടക്കം മതിയായ യോഗ്യതയുള്ള സൗദി വനിതകൾക്ക് മാത്രമാണ് അനുമതി.
യാത്രക്കാരുടെ കൂട്ടത്തിൽ പ്രായപൂർത്തിയായ വനിതയുണ്ടായിരിക്കണം. വനിതാ യാത്രക്കാരെ അനുഗമിക്കുന്ന പുരുഷന്മാരും കുട്ടികളും ഫാമിലി ടാക്‌സിയിൽ ഡ്രൈവർക്കു സമീപം മുൻസീറ്റിൽ ഇരിക്കുന്നതിനും വിലക്കുണ്ട്. വനിതാ യാത്രക്കാരെ അനുഗമിക്കുന്ന പുരുഷന്മാരും കുട്ടികളും ഡ്രൈവർക്കൊപ്പം ടാക്‌സിയിൽ തനിച്ചാകാനും പാടില്ല.
യാത്രക്കാരുടെ എണ്ണം നിശ്ചിത സീറ്റ് പരിധിയിൽ കൂടുതലാകുന്നപക്ഷവും യാത്രക്കാർ പുകവലിക്കുന്ന സന്ദർഭങ്ങളിലും സേവനം നിരസിക്കുന്നതിന് വനിതകളെ നിയമ, വ്യവസ്ഥകൾ അനുവദിക്കുന്നു. കാറിനകത്തുവെച്ച് യാത്രക്കാർ ഭക്ഷണം കഴിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, യാത്രക്കാർ കാറിലെ ഉപകരണങ്ങളും സ്റ്റിക്കറുകളും കേടുവരുത്തുക, കാർ വൃത്തികേടാക്കുക, പൊതുമര്യാദകൾ പാലിക്കാതിരിക്കുക, ഡ്രൈവറുടെ സ്വകാര്യത ലംഘിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ വനിതാ ഡ്രൈവർമാർക്ക് സേവനം നിരസിക്കാം.