ശ്രീനഗര്‍- ജമ്മു-കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടയില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് നിയമസഭ പിരിച്ചുവിട്ടു. മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയും പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. കോണ്‍ഗ്രസിന്റേയും നാഷണല്‍ കോണ്‍ഫറന്‍സിന്റേയും പിന്തുണ ഉറപ്പാക്കി വിശാല സഖ്യ സര്‍ക്കാരുണ്ടാക്കാനായിരുന്നു മെഹബൂബ മുഫ്തിയുടെ ശ്രമം. ബി.ജെ.പിയുടെ പിന്തുണ ചൂണ്ടിക്കാട്ടിയാണ് സജ്ജാദ് ലോണ്‍ അവകാശം ഉന്നയിച്ചത്.
ഗവര്‍ണറെ ഫോണിലും ഫാക്‌സിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ട്വീറ്റ് ചെയ്താണ് മെഹബൂബ മുഫ്തി ഗവര്‍ണറെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്ന കാര്യം അറിയിച്ചത്. ഗവര്‍ണറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയാണ് അവകാശം ഉന്നയിച്ചതെന്ന് സജ്ജാദ് ലോണ്‍ പറഞ്ഞു.
നിയമസഭ പിരിച്ചുവിടാന്‍ അഞ്ച് മാസമായി തങ്ങള്‍ ആവശ്യമുന്നയിച്ചത് കേള്‍ക്കാത്ത ഗവര്‍ണര്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മിനിറ്റുകള്‍ക്കകം നിയമസഭ പിരിച്ചുവിട്ടുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
26 എം.എല്‍.എമാരുള്ള ബി.ജെ.പിയുടേയും മറ്റ് 18എം.എല്‍.എമാരുടേയും പിന്തുണയുണ്ടെന്നാണ് രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള സജ്ജാദ് ലോണ്‍ ഗവര്‍ണറെ അറിയിച്ചത്. ബി.ജെ.പി നിയമസഭാ കക്ഷിയുടേയും പിന്തുണക്കുന്ന മറ്റുള്ളവരുടേയും കത്തുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
87 അംഗ നിയമസഭയില്‍ 56 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് മെഹബൂബ മുഫ്തി വ്യക്തമാക്കിയത്. സഖ്യസര്‍ക്കാരിന് പുറമെ നിന്ന് പിന്തുണ നല്‍കാമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഉറപ്പു നല്‍കിയിരുന്നത്.
മെഹ്ബൂബ മുഫ്തിക്ക് നല്‍കിയിരുന്ന പിന്തുണ ബി.ജെ.പി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലായത്.