കുവൈത്ത് സിറ്റി- കുവൈത്തില്‍ വ്യാഴാഴ്ച വീണ്ടും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വെള്ളിയാഴ്ച 60 കി.മീ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. അതിനിടെ, പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍, വീടുകള്‍, മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള മാതൃകകള്‍ തയാറാക്കിയ ആര്‍ക്കിടെക്ചര്‍ കമ്പനികളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
പ്രളയക്കെടുതി സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിരോധം തുടരുമെന്നു പ്രധാനമന്ത്രി ശൈഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ക്ലീന്‍ചിറ്റ് ലഭിക്കുന്നത് വരെ അത്തരം ഒരു കമ്പനിയെയും പുതിയ പദ്ധതികളുമായി ഒരുതരത്തിലും ബന്ധിപ്പിക്കില്ല. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ സാമൂഹികതൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹിന്റെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തി.