മൂന്ന് വർഷമായി കാലിക്കറ്റ് എയർപോർട്ടിനെ തകർക്കാൻ നടത്തിയിരുന്ന നീക്കങ്ങൾക്ക് തിരിച്ചടിയായി കോഴിക്കോട്-ജിദ്ദ സൗദിയ വിമാനം പറന്നുയരാൻ ഇനി നാളുകൾ മാത്രം. 2015 മുതലാണ് കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറക് അരിയാൻ ബോധപൂർവം ശ്രമങ്ങൾ ആരംഭിച്ചത്. മംഗലാപുരത്തെ വിമാന ദുരന്തത്തെ മറയാക്കി കാലിക്കറ്റിന് സുരക്ഷിതത്വം പോരെന്ന് ചില ഏമാന്മാരെക്കൊണ്ട് പറയിപ്പിച്ച് മലബാറിന്റെ ആദ്യ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി കൊല്ലാനായിരുന്നു പരിപാടി. ഹജ് എംബാർക്കേഷൻ ചുളുവിൽ കൊച്ചിയിലേക്ക് പറിച്ചു നട്ടു. കരിപ്പൂരിൽ നിർമിച്ച ഒന്നാന്തരം ഹജ് ഹൗസിനെ നോക്കുകുത്തിയാക്കിയാണ് ഈ മാറ്റം. ഉത്തര കേരളത്തിൽനിന്നുള്ള പ്രായം ചെന്ന തീർഥാടകർ തലേ ദിവസം ആലുവയിലെത്തി ക്യാമ്പ് ചെയ്യണമെന്നായി. ഏത് നിലയ്ക്കും എയർപോർട്ടിനെ ഇല്ലാതാക്കാൻ ഉന്നതങ്ങളിലെ ഒത്താശയോടെ ചരടുവലി നടന്നു. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ, നേതാവോ സട കുടഞ്ഞ് എഴുന്നേറ്റത് കൊണ്ടല്ല കരിപ്പൂർ എയർപോർട്ട് പഴയ പ്രതാപം വീണ്ടെടുക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നിതാന്ത പരിശ്രമമാണ് ഈ നേട്ടത്തിന് പിറകിലെന്ന് നിസ്സംശയം പറയാം.
ഉത്തര കേരളത്തിലെ പ്രവാസികൾ കഴിഞ്ഞ കുറച്ചു കാലമായി കൊണ്ടോട്ടിക്കടുത്തുള്ള കരിപ്പൂർ വിമാനത്താവളത്തിലാണ് ചെന്നിറങ്ങിയിരുന്നത്. 2015 ലാണ് ഈ സൗകര്യത്തിന് തടസ്സം നേരിട്ടു തുടങ്ങിയത്. വലിയ വിഭാഗം യാത്രക്കാർക്ക് ഈ സൗകര്യം നിഷേധിക്കപ്പെട്ടു. ജംബോ വിമാനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ് സംജാതമായത്. ഒരു വർഷമോ അതിലേറെയോ നീണ്ടു നിൽക്കുന്ന റൺവേ റീ കാർപറ്റിംഗ് ജോലിയുടെ പേരിലാണ് വിമാനത്താവള പ്രവർത്തനം ഭാഗികമായി മുടക്കിയത്. നാട്ടിലെ അവധിക്കാലത്ത് ഗൾഫിലേക്കും ഗൾഫിലെ അവധി-റമദാൻ പെരുന്നാൾ സീസണിലും കോഴിക്കോട്ടേക്കുള്ള യാത്ര ദുരിതപൂർണമായിരുന്നു.
എയർ ഇന്ത്യ ജിദ്ദ-കാലിക്കറ്റ് നേരിട്ട് സർവീസ് തുടങ്ങിയത് മുതൽ കുടുംബിനികളെയും മക്കളെയും തനിച്ച് നാട്ടിലേക്കും തിരിച്ചും യാത്ര അയച്ചിരുന്നവരാണ് മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾ.
റൺവേ റീ-കാർപറ്റിംഗിന്റെ പേരിൽ ജംബോ വിമാനങ്ങൾ 2015 മെയ് ഒന്നു മുതൽ നിർത്തിയപ്പോൾ എയർ ഇന്ത്യ, സൗദി എയർലൈൻസ് വിമാനക്കമ്പനികളുടെ ജിദ്ദ, റിയാദ് മേഖലയിലെ നേരിട്ടുളള സർവീസുകളാണ് പൂർണമായും നിലച്ചത്.
കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് മലബാർ മേഖലയിൽ വ്യവസായ, കാർഗോ, ടൂറിസം മുന്നേറ്റത്തിൽ കുതിപ്പുണ്ടാക്കും. സൗദി അറേബ്യയിലെ ജിദ്ദയിലും മറ്റുമുള്ള പതിനായിരക്കണക്കിന് പ്രവാസി മലയാളികളുടെ യാത്ര എളുപ്പമാവുകയും ചെയ്യും. സൗദി അറേബ്യയിലെ പ്രവാസികളിൽ നല്ലൊരു ശതമാനം ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്.
പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജിദ്ദ, റിയാദ് നഗരങ്ങളിലെ പ്രവാസികൾക്ക് കാലിക്കറ്റിൽ നേരിട്ട് വന്നിറങ്ങാൻ പറ്റിയിരുന്നില്ല. എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസിന്റെയും എയർബസ് വിമാനങ്ങൾ ഹബ് ആന്റ് സ്‌പോക്ക് സമ്പ്രദായത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പറന്നിരുന്നത്.
അർധരാത്രി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തുന്ന സൗദി യാത്രക്കാരെ നേരം വെളുക്കുമ്പോൾ എയർ ഇന്ത്യ കോഴിക്കോട്ടേക്ക് മറ്റൊരു വിമാനത്തിൽ കൊണ്ടുപോകും. ജിദ്ദ/റിയാദ് വിമാനത്താവളങ്ങളിൽനിന്ന് ബോർഡിംഗ് പാസെടുത്ത യാത്രക്കാരൻ കസ്റ്റംസ്, എമിഗ്രേഷൻ നടപടിക്രമങ്ങൾ ഫൈനൽ ഡെസ്റ്റിനേഷനായ കോഴിക്കോട്ട് പൂർത്തിയാക്കിയാൽ മതി. നാലോ, അഞ്ചോ മണിക്കൂർ മുംബൈയിലിരുന്നാൽ മതി. അതിന് ശേഷമാണ് എയർ ഇന്ത്യ കാലിക്കറ്റ്-ജിദ്ദ റൂട്ടിൽ നോൺ സ്റ്റോപ്പ് വിമാനങ്ങൾ തുടങ്ങിയത്. ക്രമേണ സൗദി അറേബ്യൻ എയർലൈൻസുമെത്തി.
ഇതിനെല്ലാം മുമ്പ് ഗൾഫിലെ പ്രവാസി മലയാളികളുടെ പ്രധാന കേന്ദ്രം ബോംബെ വിമാനത്താവളമായിരുന്നു. പശ്ചിമ തീരത്തെ മറ്റൊരു താവളമായ മംഗലാപരുത്തേക്ക് വിമാനത്തിൽ യാത്ര തുടരുന്നത് ചെറിയ ന്യൂനപക്ഷവും.
ആദ്യകാല പ്രവാസികളിൽ അധികവും സ്വകാര്യ ഓപറേറ്റർമാരുടെ ബസുകളിലായിരുന്നു യാത്ര. ശർമയും മദീനയും എൻ.എച്ച് പതിനേഴിൽ ഗൾഫുകാരുമായി പറന്നു. കൊങ്കൺ പാത നിലവിൽ വരുന്നതിനും മുമ്പായിരുന്നു അത്. പൂനെ, ബെൽഗാം വഴിയൊക്കെയായിരുന്നു യാത്ര.
മുംബൈയിൽ വന്നിറങ്ങുമ്പോഴത്തെ ദുരിതം ആദ്യകാല പ്രവാസികൾ വിവരിക്കാറുണ്ട്. കസ്റ്റംസിന്റെ പിഴിച്ചിൽ കഴിഞ്ഞ് പുറത്തിറങ്ങിയാൽ വി.ടിയിലോ, കുർളയിലോ പോകാൻ ടാക്‌സിയിൽ കയറണം. നല്ല പരിചയമില്ലെങ്കിൽ ധാരാവിയിലെ ഗല്ലികളിൽ വെച്ച് കൊള്ളയടിക്കപ്പെടാൻ സാധ്യതയേറെ. ഇത്തരം സംഭവങ്ങൾ അക്കാലത്ത് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനൊക്കെ പുറമേയാണ് തുടർന്നുള്ള ബസ് യാത്രക്കിടെ ലഗേജ് നഷ്ടപ്പെടുന്ന സംഭവങ്ങൾ. കോഴിക്കോട് വിമാനത്താവളം യാഥാർഥ്യമായതോടെയാണ് ഇതിനെല്ലാം വിരാമമായത്.
നാലു ദശകങ്ങളിലെ കാത്തിരിപ്പിനു ശേഷം കോഴിക്കോട് വിമാനത്താവളം 1988 ഏപ്രിൽ പതിമൂന്നിനാണ് ഉദ്ഘാടനം ചെയ്തത്. 92 ൽ ആദ്യ അന്താരാഷ്ട്ര സർവീസും തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവീസ് തുടങ്ങുന്നതിന് പറഞ്ഞിരുന്ന തടസ്സം റൺവേയുടെ ദൈർഘ്യക്കുറവായിരുന്നു. ആറായിരം അടി ദൈർഘ്യമുള്ള റൺവേയിൽനിന്ന് ചെറിയ വിമാനങ്ങൾക്കേ സർവീസ് നടത്താൻ സാധിച്ചിരുന്നുള്ളൂ. ഉത്തർപ്രദേശുകാരനായ അമിതാഭ് കാന്ത് കോഴിക്കോട്ട് ജില്ലാ കലക്ടറായിരുന്ന വേളയിൽ, 1994 ലാണ് മലബാർ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ റൺവേ വികസിപ്പിക്കുകയെന്ന ആശയം മുന്നോട്ടു വെച്ചത്. വലിപ്പമേറിയ ജംബോ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പാകത്തിൽ റൺവേ ഒമ്പതിനായിരം അടിയായെങ്കിലും ഉയർത്തണമെന്നതായിരുന്നു പ്രധാന നിർദേശം. അറുപത് കോടി രൂപ ചെലവ് വരുന്നതായിരുന്നു പദ്ധതി. അന്നത്തെ കോഴിക്കോട് എം.പി കെ. മുരളീധരനും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങി. ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ധനസമാഹരണം നടത്തി.
ഹഡ്‌കോയിൽനിന്ന് വായ്പയെടുത്താണെങ്കിലും റൺവേ വികസനം പൂർത്തിയായി. ബാധ്യത തീർക്കാൻ യാത്രക്കാർ ആദ്യ ഏതാനും വർഷങ്ങളിൽ 500 രൂപയും പിന്നീട് 375 രൂപയും യൂസേഴ്‌സ് ഫീ നൽകേണ്ടിവന്നു. ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ പാകത്തിൽ റൺവേ വകസിപ്പിച്ചു. വിമാനങ്ങൾക്ക് സൗകര്യപ്രദമായി ലാൻഡ് ചെയ്യാൻ ഇൻസ്ട്രുമെന്റൽ ലാൻഡിംഗ്, നൈറ്റ് ലാൻഡിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തി. കോഴിക്കോടിന്റെ സാധ്യത മനസ്സിലാക്കി വിദേശ വിമാന കമ്പനികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് കാലിക്കറ്റിലേക്ക് സർവീസുകൾ ഏർപ്പെടുത്തി.
മൂന്ന് വർഷം മുമ്പ് റൺവേ രോഗം ബാധിച്ചപ്പോൾ ജിദ്ദ-കരിപ്പൂർ റൂട്ടിലെ എയർ ഇന്ത്യയും സൗദി അറേബ്യൻ എയർലൈൻസും ഷെഡ്യൂൾ കൊച്ചിക്ക് മാറ്റുകയാണ് ചെയ്തത്. എന്നാൽ ദുബായിയിൽനിന്ന് കോഴിക്കോട്ടേക്ക് മറ്റു ഗൾഫ് നഗരങ്ങളിൽനിന്ന് കണക്ഷനോടെ സർവീസ് നടത്തിയിരുന്ന എമിറേറ്റ്‌സ് റൂട്ട് ഉപേക്ഷിക്കുകയാണ് ചെയ്തത്.
മഴക്കാലത്ത് ഗൾഫിലെ വെക്കേഷൻ ധാരാളം കുടുംബങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ചെന്നിറങ്ങേണ്ടി വന്നു.
എയർ ഇന്ത്യക്ക് ഏറ്റവും വരുമാനമുണ്ടാക്കിക്കൊടുക്കുന്നതും ഈ വിമാനത്താവളമാണ്. ആഭ്യന്തര സർവീസുകളിലെ നഷ്ടം നികത്തുന്നത് കോഴിക്കോട്ടെ വിദേശ സർവീസുകളിൽനിന്നുള്ള വരുമാനത്തിലൂടെയാണ്.
കോമൺവെൽത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള ധാരണയനുസരിച്ച് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ് കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനിടെ മലബാറിലെ യാത്രക്കാരുടെ മതിപ്പ് പിടിച്ചു പറ്റിയിരുന്നു. നിത്യേന രാവിലെ രണ്ട് ഫ്‌ളൈറ്റുകളാണ് കൊളംബോയിൽ നിന്ന് കാലിക്കറ്റിലേക്ക് വന്നു കൊണ്ടിരുന്നത്.
ശ്രീലങ്കൻ എയർലൈൻസിനെ തിരികെ കൊണ്ടുവരാനും മലബാർ ഡെവലപ്‌മെന്റ് ഫോറം ശ്രമമാരംഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
കോഴിക്കോട് വിമാനത്താവളത്തിന്റെ പശ്ചാത്തല പ്രദേശം തമിഴ്‌നാട്ടിലെ നീലഗിരി, കർണാടകയിലെ മൈസൂർ, കുടക് ജില്ലകൾക്ക് പുറമെ വടക്കൻ കേരളത്തിലെ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളുമായിരുന്നു. അടുത്ത മാസം കണ്ണൂർ എയർപോർട്ട് തുറക്കുന്നതോടെ പാതിയോളം ട്രാഫിക് ക്രമേണ അങ്ങോട്ട് മാറും.
എന്നിരുന്നാലും ആഭ്യന്തര-വിദേശ സെക്ടറുകളിൽ കൂടുതൽ വിമാനങ്ങൾ വരുന്നതോടെ കരിപ്പൂർ വിമാനത്താവളം പഴയ പ്രതാപം വീണ്ടെടുക്കുമെന്നതിൽ സംശയമില്ല.