ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ കൈകോര്‍ത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം നടക്കുന്നതായി റിപോര്‍ട്ട്. പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ്് (എന്‍.സി), കോണ്‍ഗ്രസ് എന്നീ മുഖ്യധാരാ പാര്‍ട്ടികളാണ് കൈകോര്‍ക്കുന്നത്. മുന്‍ ധനമന്ത്രിയും മുതിര്‍ന്ന പി.ഡി.പി നേതാവുമായ അല്‍താഫ് ബുഖാരിയെ ആണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സപ്രസ് റിപോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ കോണ്‍ഫറന്‍ നേതാവ് ഫാറൂഖ് അബ്ദുല്ല സഖ്യത്തെ നയിക്കണമെന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ ആഗ്രഹം. എന്നാല്‍ പി.ഡി.പി-കോണ്‍ഗ്രസ് സഖ്യത്തെ പുറത്തു നിന്ന് പിന്തുണക്കാനാണു എന്‍.സി തീരുമാനം. മുഖ്യമന്ത്രിയായി ബുഖാരിയെ എല്ലാവരും അംഗീകരിക്കുന്നതായും രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.
വിശാല പ്രതിപക്ഷ സഖ്യം ഉടന്‍ രൂപീകരിക്കപ്പെടും. ശേഷം നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ഒരു മുതിര്‍ന്ന പി.ഡി.പി നേതാവ് പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കാനാണ് ബദ്ധവൈരികളായ പി.ഡി.പിയുമായി കൈകോര്‍ക്കുന്നതെന്ന് ഒരു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പറഞ്ഞു.
87 അംഗ നിയമസഭയില്‍ പി.ഡിപിക്ക്-28, നാഷണല്‍ കോണ്‍ഫറന്‍സ്-15, കോണ്‍ഗ്രസ്-12 എന്നിങ്ങനെയാണ് സീറ്റ് നില. ഭൂരിപക്ഷം ലഭിക്കാന്‍ 44 സീറ്റു മതി. വിശാല സഖ്യത്തിന് 55 സീറ്റുകളുണ്ട്. ബി.ജെ.പിക്ക് 25 സീറ്റും മറ്റു കക്ഷികള്‍ക്ക് ഏഴ് സീറ്റുമാണുള്ളത്.
പിഡിപി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ പൊളിഞ്ഞതിനു ശേഷം സംസ്ഥാന്‍ കേന്ദ്രഭരണത്തിലായിരുന്നു. ആറു മാസത്തെ കേന്ദ്ര ഭരണം കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പുതിയ രാഷ്ട്രീയ സഖ്യം രൂപപ്പെട്ടത്. നേരത്തെ മറ്റു കക്ഷികളെ കൂടെ കൂട്ടി ഒരു മുസ്ലിം മുഖ്യമന്ത്രിയെ അവരോധിച്ച് ബി.ജെ.പിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം നടത്തുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു.