Sorry, you need to enable JavaScript to visit this website.

ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ന്യൂദല്‍ഹി- ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്തി. ഇവിടങ്ങളിലേക്ക് പോകുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിടുമെന്നാണ് മുന്നറിയിപ്പ്. 2019 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. നവംബര്‍ 14നാണ് വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍:

ആരൊക്കെ രജിസ്റ്റര്‍ ചെയ്യണം?
എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത (നോണ്‍ ഇ.സി.ആര്‍) പാസ്‌പോര്‍ട്ടുമായി തൊഴില്‍ വിസയില്‍ വിദേശത്തേക്ക് പോകുന്ന എല്ലാ ഇന്ത്യക്കാരും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ സംവിധാനം ഒരു വര്‍ഷത്തോളമായി പരീക്ഷണാടിസ്ഥാനത്തില്‍ നല്ല രീതിയില്‍ നടന്നു വരുന്നുണ്ട്. ഇത് ജനുവരില്‍ മുതല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണിപ്പോള്‍.

ഏതൊക്കെ രാജ്യങ്ങളിലേക്ക് പോകുന്നവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?
സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ 18 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, യെമന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍, ലെബനോന്‍, അഫ്ഗാനിസ്ഥാന്‍, മലേഷ്യ, ഇന്തൊനേഷ്യ, തായ്‌ലാന്‍ഡ്, ലിബിയ, സുഡാന്‍, സൗത്ത് സുഡാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.

രജിസ്‌ട്രേഷന്‍ നടപടികള്‍ ഇങ്ങനെ
വിദേശകാര്യ മന്ത്രാലയത്തിന്റെ www.emigrate.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ വെബ്‌സൈറ്റില്‍ ECNR Registration എന്ന ലിങ്ക് വഴി ഫോം പൂരിപ്പിക്കണം. നടപടിക്രമങ്ങല്‍ പൂര്‍ത്തിയാക്കിയാല്‍ രജിസ്‌ട്രേഷന്‍ ഉറപ്പിച്ചുകൊണ്ടുള്ള എസ്.എം.എസ്/ ഇ-മെയില്‍ ലഭിക്കും.

യാത്രയ്ക്കു മുമ്പു വേണം, ഇല്ലെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറക്കി വിടും
എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത (നോണ്‍ ഇ.സി.ആര്‍) പാസ്‌പോര്‍ട്ട് ഉള്ളവര്‍ യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂര്‍ മുമ്പെങ്കിലും ഈ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത നോന്‍ ഇ.സി.ആര്‍ പാസ്്‌പോര്‍ട്ടുള്ള ഇന്ത്യക്കാരെ 2019 ജനുവരി ഒന്നു മുതല്‍ മേല്‍പ്പറഞ്ഞ 18 രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ല. രജിസ്‌ട്രേഷന്‍ ഇല്ലാതെ യാത്രക്കായി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ബന്ധപ്പെട്ട അധികൃതര്‍ വിമാനത്തില്‍ നിന്ന് ഇറക്കി വിടും. ജനുവരി ഒന്നു മുതല്‍ തന്നെ ഈ നടപടിയും തുടങ്ങും. മറ്റു പല രാജ്യങ്ങളിലും ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്കാണ് ഈ നിബന്ധന. ഈ 18 രാജ്യങ്ങളില്‍ തായ്‌ലാന്‍ഡ്, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് താരതമ്യേന മുസ്ലിം ജനസംഖ്യ കുറഞ്ഞ രാജ്യങ്ങള്‍.

മറ്റു വിസകളില്‍ പോകുന്നവര്‍ എന്തു ചെയ്യണം?
ഈ നിബന്ധന 18 രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ ജോലിക്ക് പോകുന്നവര്‍ക്കു മാത്രമെ നിര്‍ബന്ധമുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മറ്റു ഗണങ്ങളില്‍പ്പെട്ട വീസകളില്‍ ഈ രാ്ജ്യങ്ങളിലേക്ക് പോകുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ തന്നെ പാലിച്ചാല്‍ മതിയാകും. ഇവയില്‍ മാറ്റങ്ങളില്ല.

സംശയങ്ങള്‍ ഒഴിവാക്കാം
പുതിയ നിബന്ധന സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയുമായി ബന്ധപ്പെട്ടാം. 1800 11 3090 എന്ന ടോള്‍ ഫ്രീ നമ്പറിലും 01140503090 (ചാര്‍ജുകള്‍ ബാധകം) എന്ന ലാന്‍ഡ് ഫോണ്‍ നമ്പറിലും [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാം. 

Latest News