മുംബൈ- മദ്യപിച്ച് വിമാനം പറത്താനെത്തി പിടിയിലാകുകയും നടപടി നേരിടുകയും ചെയ്ത മുതിര്‍ന്ന പൈലറ്റ് ക്യാപ്റ്റന്‍ അരവിന്ദ് കഠ്പാലിയയെ എയര്‍ ഇന്ത്യ പദവി താഴ്ത്തി. ഡയറക്ടര്‍ (ഓപറേഷന്‍സ്) പദവിയിലായിരുന്ന കഠ്്പാലിയയെ തൊട്ടു താഴെയുള്ള പദവിയായ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്കാണ് തരം താഴ്ത്തിയത്. നേരത്തെ ഈ പദവി വഹിച്ചിരുന്ന കഠ്പാലിയയെ 2017 മാര്‍ച്ചിലാണ് ഡയറക്ടര്‍ പദവിലേക്ക് ഉയര്‍ത്തിയത്. വിമാനം പറത്തുന്നതിനു മുമ്പുള്ള മദ്യപാന പരിശോധനയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പൈലറ്റ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയതിനു രണ്ടു മാസത്തിനു ശേഷമായിരുന്നു ഈ സ്ഥാനക്കയറ്റം. കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതിയുടെ അനുമതിയോടെ അഞ്ചു വര്‍ഷത്തേക്കായിരുന്നു നിയമനം.
നവംബര്‍ 11-നാണ് കഠ്പാലിയ രണ്ടു തവണ മദ്യപാന പരിശോധനയില്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തെ വിമാനം പറത്തല്‍ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തരംതാഴ്ത്തിയുള്ള നടപടി. ഈ പദവിയില്‍ ഏതു വകുപ്പാണ് കഠ്പാലിയക്ക് നല്‍കുക എന്നു വ്യക്തമല്ലെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.