ധാക്ക- സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ജയിലിലടച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശാഹിദുല്‍ ആലമിനെ വിട്ടയച്ചു. ശൈഖ് ഹസീന സര്‍ക്കാരിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൂന്ന് മാസം ജയിലിലടച്ച ഇദ്ദേഹത്തെ കോടതി സ്ഥിരം ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.
ഹൈക്കോടതി ഉത്തരവുമായി ഒരു ദിവസം മുഴുവന്‍ ബന്ധുക്കള്‍ കാത്തുനിന്ന ശേഷമാണ് ശാഹിദുല്‍ ആലമിനെ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനു പിന്നാലെയാണ് ഇദ്ദേഹം അറസ്റ്റിലായിരുന്നത്. രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ഫേസ് ബുക്കിലൂടെ ശ്രമിച്ചുവെന്ന ആരോപണമാണ് മുഖ്യമായും നേരിട്ടത്.