Sorry, you need to enable JavaScript to visit this website.

ആര്‍.എസ്.എസ് നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഹര്‍ത്താല്‍

പയ്യന്നൂര്‍ പാലക്കോട് ബിജു കൊല്ലപ്പെട്ട സ്ഥലത്ത് തടിച്ചുകൂടിയവര്‍.

http://malayalamnewsdaily.com/sites/default/files/filefield_paths/p1biju_payyanur.jpg

കണ്ണൂര്‍- പയ്യന്നൂരിനടുത്ത് പാലക്കോട് ആര്‍.എസ്.എസ് നേതാവ് വെട്ടേറ്റു മരിച്ചു. കക്കംപാറ സ്വദേശി ചൂരക്കാട്ട് ബിജു(33)വാണ് പാലക്കോട് പാലത്തില്‍ കൊല്ലപ്പെട്ടത്. കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ 12- ാം പ്രതിയായിരുന്ന ബിജുവിനെ പിന്നീട് പോലീസ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആര്‍.എസ്.എസ് പയ്യന്നൂര്‍ മണ്ഡല്‍ കാര്യവാഹകായിരുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കൊലപാതകത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച ബി.ജെ.പി നേതൃത്വം ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ഇന്നോവ കാറില്‍ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ആക്രമിച്ചത്. കാര്‍ ബൈക്കിനു പിന്നില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബിജു ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെട്ടിയത്. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു.
ബിജുവിന്റെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പുവരെ വീട്ടില്‍ പോലീസ് കാവലുണ്ടായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് പയ്യന്നൂര്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു.
ബസുകളടക്കം പലയിടത്തും തടഞ്ഞു. രാമന്തളി, പയ്യന്നൂര്‍ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രം, തളിപ്പറമ്പ് ഡിവൈ.എസ്.പി, പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കൊലപാതകത്തെ സി.പി.എം ശക്തമായി അപലപിക്കുന്നു. സര്‍വകക്ഷി സമാധാന യോഗത്തിന് ശേഷം ജില്ലയില്‍ പല സ്ഥലങ്ങളിലും ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് വലിയ പ്രകോപനമുണ്ടായിട്ടും സംയമനം പാലിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തത്. സമാധാന ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍കൈയെടുക്കുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ ഈ കൊലപാതകം ന്യായീകരിക്കത്തക്കതല്ല. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതിന് സമഗ്ര അന്വേഷണം നടത്തണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Latest News