കണ്ണൂര്‍- നിരപരാധിയായ പ്രവാസിക്ക് 54 ദിവസം ജയിലില്‍ കഴിയേണ്ടി വന്ന മാല മോഷണക്കേസില്‍ യഥാര്‍ഥ പ്രതി ഒടുവില്‍ പോലീസ് പിടിയിലായി. മാഹി അഴിയൂര്‍ കോറോത്ത് റോഡിലെ ശരത് വത്സരാജിനെ(45)യാണ് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി.സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ ജയിലില്‍ വെച്ച് അറസ്റ്റു രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങിയാണ് കവര്‍ച്ച കേസിന്റെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവന്നത്. കവര്‍ച്ച നടത്തിയ സമയത്ത് ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
കതിരൂര്‍ പുല്ലോട് സി.എച്ച്. നഗറിലെ താജുദ്ദീനെന്ന പ്രവാസിയെയായണ് ചക്കരക്കല്‍ പോലീസ് മാല മോഷണ ക്കേസില്‍ അറസ്റ്റു ചെയ്ത് റിമാന്‍ഡിലാക്കിയത്. മകളുടെ വിവാഹത്തിനായി ഖത്തറില്‍നിന്ന് എത്തിയതായിരുന്നു താജുദ്ദീന്‍. പ്രതിയുമായുള്ള രൂപസാദൃശ്യമാണ് താജുദ്ദീനു വിനയായത്. ചക്കരക്കല്‍ മക്രേരി വടക്കുമ്പാട്ടെ രാഗി എന്ന വീട്ടമ്മയുടെ അഞ്ചര പവന്‍ വരുന്ന മാലയാണ് വെള്ള നിറത്തിലുള്ള സ്‌കൂട്ടറിലെത്തിയയാള്‍ കവര്‍ച്ച ചെയ്തത്. ഈ സംഭവത്തിലാണ് ചക്കരക്കല്‍ എസ്.ഐ ബിജു താജുദ്ദീനെ അറസ്റ്റു ചെയ്തത്.
റിമാന്‍ഡ് കാലാവധി കഴിഞ്ഞ ശേഷം കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിമിന്റെ സഹായത്തോടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും തുടര്‍ന്നുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ താജുദ്ദീന്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ഇപ്പോള്‍ പിടിയിലായ ശരത്, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ പ്രതിയായി കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി. കവര്‍ച്ച ചെയ്ത മാല വില്‍പന നടത്തിയ ആളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിനു ലഭിച്ചു. പ്രതിയെ അഞ്ചു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.