കാബൂൾ - അഫ്ഗാനിസ്ഥാൻ തലസ്ഥാനത്ത് ഇന്നലെയുണ്ടായ ശക്തമായ ചാവേർ സ്‌ഫോടനത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു. 83 പേർക്ക് പരിക്കേറ്റു. ഇവരിൽ 24 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് വഹീദ് മജ്‌രൂഹ് പറഞ്ഞു.
നബിദിന ചടങ്ങുകൾ നടക്കുകയായിരുന്ന ഒരു ഓഡിറ്റോറിയത്തിലാണ് ചാവേർ പൊട്ടിത്തെറിച്ചതെന്ന് അധികൃർ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ ആയിരത്തോളം പേർ ഹാളിലുണ്ടായിരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ദനീഷ് പറഞ്ഞു. ഇവരിൽ ബഹുഭൂരിപക്ഷവും മതപണ്ഡിതരും വിദ്യാർഥികളുമായിരുന്നു. സദസ്സിന്റെ മധ്യത്തിലിരുന്നാണ് ചാവേർ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇന്നലെ വൈകുന്നേരം വരെ ആരും ഏറ്റെടുത്തിരുന്നില്ല.
സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അവയവങ്ങൾ ചിതറിത്തെറിച്ച നിലയിലും ഗുരുതരമായി പരിക്കേറ്റ് ആളുകൾ പിടയുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഈ വർഷം അഫ്ഗാനിലുണ്ടായ ഏറ്റവും നാശം വിതച്ച സ്‌ഫോടനങ്ങളിലൊന്നാണിത്. സെപ്റ്റംബറിൽ കിഴക്കൻ പ്രവിശ്യയായ നങ്കാർഗറിൽ നടന്ന സ്‌ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടിരുന്നു. 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനുവരിയിൽ കാബൂളിൽ ആംബുലൻസ് വാൻ പൊട്ടിത്തെറിച്ച് നൂറിലേറെ പേർ കൊല്ലപ്പെട്ടു. ആ സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിരുന്നു.