റായ്പുർ - ഛത്തീസ്ഗഢിലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 72 ശതമാനം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതായി പ്രാഥമിക റിപ്പോർട്ട്. പോളിംഗ് അവസാനിച്ച ഇന്നലെ വൈകുന്നേരം ആറ് മണി വരെയുള്ള കണക്കാണിതെന്ന് പറയുന്നുണ്ടെങ്കിലും അവസാന റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ. അപ്പോൾ പോളിംഗ് ശതമാനം വർധിക്കുമെന്നാണ് സൂചന.
മാവോയിസ്റ്റ് ഭീഷണി നിലനിന്ന ആദ്യ ഘട്ടത്തിൽ 76.28 ശതമാനമായിരുന്നു പോളിംഗ്. ആ സ്ഥിതിക്ക് രണ്ടാം ഘട്ടത്തിൽ അതിലും കൂടുമെന്നാണ് വിലയിരുത്തൽ.
19 ജില്ലകളിലെ 72 സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഒന്നര കോടിയോളം വരുന്ന വോട്ടർമാർക്കായി 19,000 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിരുന്നു.
കാര്യമായ അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ പോളിംഗിനോട് അനുബന്ധിച്ച് ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സുരക്ഷക്കായി സായുധ കമാണ്ടോകളെയും ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ തുടങ്ങിയവയും ഉപയോഗപ്പെടുത്തിയിരുന്നു.
തങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ പഴയ പോളിംഗ് യന്ത്രങ്ങളാണ് വെച്ചിരുന്നതെന്നും യന്ത്രത്തകരാറു മൂലം പലയിടത്തും പോളിംഗ് വൈകിയെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ പരാജയം മുന്നിൽ കണ്ട് കോൺഗ്രസ് മുൻകൂർ ജാമ്യമെടുക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.
ബി.ജെ.പിയുടെ പത്ത് സംസ്ഥാന മന്ത്രിമാരും കോൺഗ്രസ് പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരും, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയായ ജനതാ കോൺഗ്രസ് രൂപീകരിച്ച അജിത് ജോഗിയും രണ്ടാം ഘട്ടത്തിൽ ജനവിധി തേടിയിരുന്നു. ഡിസംബർ 11 നാണ് വോട്ടെണ്ണൽ.