- സോവിയറ്റ് തൊഴിലാളി ലായങ്ങളിലെ പോലെ അയ്യപ്പ ഭക്തരെ കൈകാര്യം ചെയ്യരുത്
ന്യൂദൽഹി - ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. കെ.സുരേന്ദ്രൻ ഉൾെപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിലൂടെ ശബരിമലയെ സംരക്ഷിക്കാനുള്ള ജനകീയ മുന്നേറ്റത്തെ തടയാം എന്നാണു കരുതുന്നതെങ്കിൽ പിണറായി വിജയന് തെറ്റു പറ്റിയെന്നാണ് അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്. ശബരിമലയിലെ ആചാരങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കുന്ന അയ്യപ്പ ഭക്തർക്കൊപ്പം ബി.ജെ.പി ഉറച്ചു നിൽക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.
ശബരിമല വിഷയം പിണറായി സർക്കാർ കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം നിരാശപ്പെടുത്തുന്ന വിധത്തിലാണ്. ചെറിയ പെൺകുട്ടികളെയും അമ്മമാരെയും പ്രായമായവരെയും മനുഷ്യത്വമില്ലാത്ത വിധത്തിലാണ് കേരള പോലീസ് കൈകാര്യം ചെയ്യുന്നത്. ഭക്ഷണവും വെള്ളവും വിശ്രമിക്കാൻ സ്ഥലവും ശുചിമുറിയും ഒരുക്കാതെ തീർഥാടന കാലത്തെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
ഭക്തർക്കു വിശ്രമിക്കാനുള്ള ഇടങ്ങളിൽ പോലീസ് വെള്ളമൊഴിച്ചിടുന്നതായി റിപ്പോർട്ടുകളുണ്ട്. പന്നികൾക്കിടയിലും അഴുക്കു കൂനയിലുമാണ് ഭക്തർക്ക് കഴിയേണ്ടി വരുന്നത്. സോവിയറ്റ് യൂനിയനിലെ തൊഴിലാളി ലായങ്ങളിലെന്ന പോലെ അയ്യപ്പ ഭക്തരെ കൈകാര്യം ചെയ്യാൻ അധികാരമില്ലെന്ന് പിണറായി വിജയൻ മനസ്സിലാക്കണം. ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ എൽ.എഡി.എഫിനെ അനുവദിക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പു നൽകി.