റിയാദ് - നിയമ ലംഘനങ്ങള്‍ക്ക് നാലു മാസത്തിനിടെ 14 റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ എന്നെന്നേക്കുമായും 40 റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ താല്‍ക്കാലികമായും അടപ്പിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കാലത്ത് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളില്‍ 661 പരിശോധനകളാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയത്. ഇതിനിടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. നാലു മാസത്തിനിടെ റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്കും ഓഫീസുകള്‍ക്കുമെതിരെ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച 174 പരാതികള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പരിഹാരം കണ്ടു. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് അന്വേഷിച്ചറിയുന്നതിനും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളില്‍ പരിശോധന തുടരുമെന്നും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ബന്ധിപ്പിച്ച് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച മുസാനിദ് പോര്‍ട്ടലില്‍ 605 റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനകം മുസാനിദ് പോര്‍ട്ടല്‍ സേവനം 61,411 തൊഴിലാളികള്‍ക്ക് പ്രയോജനപ്പെട്ടു. ഏതാനും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 40,000 ഗാര്‍ഹിക തൊഴിലാളികളുടെ സി.വികള്‍ പോര്‍ട്ടലിലുണ്ട്. ഇക്കൂട്ടത്തില്‍നിന്ന് തങ്ങള്‍ക്ക് അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്തി വേഗത്തില്‍ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമകള്‍ക്ക് സാധിക്കും.
കഴിഞ്ഞ വര്‍ഷം 444 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുതുതായി ലൈസന്‍സ് നല്‍കിയിരുന്നു. 377 റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്കും അഞ്ചു റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്കും കഴിഞ്ഞ വര്‍ഷം ലൈസന്‍സ് നല്‍കി. റിക്രൂട്ട്‌മെന്റ് കമ്പനികളുടെ 62 ശാഖകള്‍ക്കും കഴിഞ്ഞ വര്‍ഷം മന്ത്രാലയം ലൈസന്‍സ് നല്‍കി. 11 റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസന്‍സ് കഴിഞ്ഞ കൊല്ലം പുതുക്കി നല്‍കിയില്ല. ഉപയോക്താക്കളുടെ പരാതികള്‍ വര്‍ധിച്ചതിനും ആവര്‍ത്തിച്ച് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുന്നതിന് ഇടയാക്കും വിധം നിയമ ലംഘനങ്ങള്‍ നടത്തിയതിനും മറ്റുമാണ് 11 സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാതിരുന്നത്.
ലൈസന്‍സുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും കമ്പനികളുടെയും പേരുവിവരങ്ങള്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കുള്ള മുസാനിദ് പോര്‍ട്ടലില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സില്ലാത്ത റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി ഇടപാടുകള്‍ നടത്തരുതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ ആവശ്യപ്പെട്ടു. റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ നടത്തുന്ന നിയമ ലംഘനങ്ങളെ കുറിച്ച് പരാതികള്‍ നല്‍കണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. മുസാനിദ് പോര്‍ട്ടല്‍ വഴിയും കസ്റ്റമര്‍ സര്‍വീസ് കോള്‍ സെന്റര്‍ (19911) വഴിയും എല്ലാ പ്രവിശ്യകളിലുമുള്ള ലേബര്‍ ഓഫീസ് ശാഖകള്‍ വഴിയും പരാതികള്‍ നല്‍കാവുന്നതാണ്.