Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിഖ് വിരുദ്ധ കലാപ കേസില്‍ ആദ്യമായി വധശിക്ഷ

ന്യൂദല്‍ഹി- 1984ല്‍ ദല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ ആദ്യമായി ഒരു പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. ദക്ഷിണ ദല്‍ഹിയിലെ മഹിപാല്‍പൂരിലെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി 55കാരന്‍ യശ്പാല്‍ സിങിനെയാണ് ദല്‍ഹി പാട്യാല കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കൂട്ടുപ്രതി 68കാരന്‍ നരേഷ് ശെരാവത്തിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇരുവര്‍ക്കും കോടതി 35 ലക്ഷം രൂപ പിഴയും ചുമത്തി. സിഖ് വംശയുമായി ബന്ധപ്പെട്ട കേസില്‍ ഒരു പ്രതിയെ കോടതി വധശിക്ഷയ്ക്കു വിധിക്കുന്നത് ആദ്യമാണ്. മഹിപാല്‍പൂരിലെ പലചരക്കുകട നടത്തുകയായിരുന്ന ഹര്‍ദേവ് സിങിനേയും കൂടെ ഉണ്ടായിരുന്ന രണ്ടുപേരേയും ആക്രമിച്ച കേസിലാണ് വിധി വന്നത്. 

1984 നവംബര്‍ ഒന്നിന് ആയിരത്തോളം വരുന്ന ആക്രമികള്‍ ഇരുമ്പു വടികളും കല്ലുകളും ഹോക്കിസ്റ്റിക്കുകളും മണ്ണെണ്ണയുമായി എത്തി ഹര്‍ദേവിനേയും കൂടെ ഉണ്ടായിരുന്നവരേയും ആക്രമിച്ച് കട തീവച്ച് നശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും ഹര്‍ദേവും കൂടെ ഉണ്ടായിരുന്നവരും സുഹൃത്ത് സുര്‍ജീത് സിങിന്റെ വീട്ടിലേക്കോട് അവിടെ വാതിലടച്ചിരുന്നു. ഇവര്‍ക്കൊപ്പം പിന്നീട് അവതാര്‍ സിങ് എന്നയാളും ചേര്‍ന്നു. എന്നാല്‍ ആക്രമികള്‍ ഇവരെ പിന്തുടര്‍ന്ന് വീട്ടിലെത്തുകയും ഹര്‍ദേവിനെ കുത്തിക്കൊലപ്പെടുത്തുകയും മറ്റുള്ളവരെ ബാല്‍ക്കണയിലില്‍ നിന്ന് എടുത്തെറിയുകയും ചെയ്തു. പരിക്കേറ്റവരെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹര്‍ദേവും അവതാറും ഇവിടെ വച്ച് മരിക്കുകയായിരുന്നു. തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി 1994ല്‍ ദല്‍ഹി പോലീസ് പൂട്ടിവച്ച കേസാണിത്. 2015ല്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് 293 കേസുകളില്‍ 60 കേസുകള്‍ വീണ്ടും തുറന്നു അന്വേഷണം നടത്തിയത്. ഒരു കേസില്‍ മാത്രമാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികളേയും കൊലപാതകം, വധശ്രമം, അപകടപ്പെടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ അടക്കം നിരവധി നേതാക്കള്‍ പല കേസുകളിലും പ്രതികളാണ്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ സിഖ് അംഗരക്ഷരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സിഖ് വംശഹത്യ നടന്നത്. ഇന്ത്യയില്‍ വിവിധയിടങ്ങളിലായി 2,800ഓളം സിഖുകാര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇവരിലേറെയും പേര്‍ ദല്‍ഹിയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ആളുകളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ജീവനോടെ തീയിട്ടു കൊന്നതടക്കം ക്രൂരമായ കൊലപതാകങ്ങളാണ് സിഖ് വംശഹത്യയ്ക്കിടെ നടന്നത്.

Latest News