Sorry, you need to enable JavaScript to visit this website.

നയവൈകല്യത്തിൽ ആടിയുലയുന്ന കോൺഗ്രസ്


മതനിരപേക്ഷതയേയും പുരോഗമന ആശയങ്ങളേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും നിരാകരിക്കുന്ന വർഗീയതയുമായി കൈകോർത്ത് സംഘ്പരിവാർ ഫാസിസ്റ്റുകൾക്കൊപ്പം ഒരേ തൂവൽപക്ഷികളാണെന്ന കോൺഗ്രസിന്റെ പരസ്യ പ്രഖ്യാപനം കേരളത്തിൽ അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും സംഘടനാ നിലനിൽപിന്റെയും ശവക്കുഴി തോണ്ടലാവും. 

ഇന്ത്യൻ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തം ഭൂരിപക്ഷ വർഗീയതയുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങുന്ന കോൺഗ്രസ് പാർട്ടിയുടെ തത്വദീക്ഷാ രഹിതമായ മൃദുഹിന്ദുത്വ നിലപാടുകളാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും. രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെപ്പറ്റി കടുത്ത ആശങ്ക സൃഷ്ടിക്കുന്നതും കോൺഗ്രസിന്റെ തന്നെ ചരിത്രത്തെയും അസ്തിത്വത്തെയും നിരാകരിക്കുന്നതുമായ നയസമീപനങ്ങളാണ് അടുത്ത കാലത്തായി ശബരിമല യുവതി പ്രവേശനമടക്കം സുപ്രധാന വിഷയങ്ങളിൽ ആ പാർട്ടി അവലംബിക്കുന്നത്. 
കോൺഗ്രസിനെ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാക്കി മാറ്റിയത് സ്വാതന്ത്ര്യ സമരകാലം മുതൽ സമീപ ഭൂതകാലം വരെ പിന്തുടർന്നുപോന്ന ശാസ്ത്രാവബോധത്തിൽ അധിഷ്ഠിതവും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിശിതമായി അപലപിച്ചും പരസ്യമായി ചോദ്യം ചെയ്തും ആ പാർട്ടി ഉയർത്തിപ്പിടിച്ച നിലപാടുകളാണ്. കേരളത്തിലും ഇന്ത്യയിലും ജാതി വിവേചനത്തെയും അതിന്റെ അടിസ്ഥാനത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ, തീണ്ടൽ തുടങ്ങി എല്ലാത്തരം സാമൂഹ്യ ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഗാന്ധിജിയും നെഹ്‌റുവുമടക്കം കോൺഗ്രസിന്റെ നേതാക്കൾ ചോദ്യം ചെയ്യുകയും അതിനെതിരായ ജനകീയ പോരാട്ടങ്ങളുടെ നെടുംതൂണായി വർത്തിക്കുകയും ചെയ്തിരുന്നു. 
വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനുമുള്ള കീഴാള ജനതയുടെ സമരമായി മാറിയ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത് ടി.കെ. മാധവനടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതാക്കളായിരുന്നു. അതിന് ആളും അർഥവും നൽകി ഏറ്റവും കരുത്തുറ്റ പ്രചോദനവും പ്രോത്സാഹനവുമായി വർത്തിച്ചത് മഹാത്മാഗാന്ധിയും എ.ഐ.സി.സിയുമായിരുന്നു. വൈക്കം സത്യഗ്രഹം സാമ്പത്തിക ഞെരുക്കം കാരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന ഘട്ടം വന്നപ്പോൾ ബൽഗാം എ.ഐ.സി.സിയിൽ വെച്ച് ഗാന്ധിജി ഇടപെട്ടാണ് പ്രതിമാസം ആയിരം രൂപ വീതം നൽകാൻ തീരുമാനിച്ചതെന്ന് ആദർശധീരൻ എന്ന് അവകാശപ്പെടുന്ന എ.കെ. ആന്റണി മുതൽ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയുമടക്കം ഇപ്പോഴത്തെ എ.ഐ.സി.സി, കെ.പി.സി.സി നേതൃത്വം സൗകര്യപൂർവം വിസ്മരിക്കുന്നു. ഗുരുവായൂർ സത്യഗ്രഹത്തിനു നേതൃത്വം നൽകാൻ കേളപ്പജിക്ക് കരുത്തു പകർന്നു നൽകിയത് ഗാന്ധിജിയും സി. രാജഗോപാലാചാരിയുമടക്കം അന്നത്തെ കോൺഗ്രസ് നേതാക്കളായിരുന്നു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ വർഗീയ ഫാസിസ്റ്റ് സംഘ്പരിവാറിനൊപ്പം കൈകോർക്കുന്ന കേരളത്തിലെ കോൺഗ്രസുകാരുടെ ഇപ്പോഴത്തെ നിലപാട് ഒറ്റപ്പെട്ട പ്രതിഭാസമായി കാണാനാവില്ല. 
വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഘ്പരിവാർ ആൾക്കൂട്ട രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിയ വർഗീയതയെ തുറന്ന് അപലപിക്കാൻ വിസമ്മതിക്കുന്ന കോൺഗ്രസ് അതിന്റെ സദ്പാരമ്പര്യങ്ങളെ അപ്പാടെ നിഷേധിച്ച് ഗോരക്ഷ രാഷ്ട്രീയത്തെ പുൽകുന്നതിന്റെ പ്രതിഫലനമായേ അവർ ഇപ്പോൾ അവലംബിക്കുന്ന പ്രതിലോമ നിലപാടുകളെ കാണാനാവൂ. 
ബി.ജെ.പിയും ആർ.എസ്.എസും സംഘ്പരിവാർ സംഘടനകളും മുന്നോട്ടുവെയ്ക്കുന്ന തീവ്രഹിന്ദുത്വത്തെ തങ്ങളുടെ മൃദുഹിന്ദുത്വ വാദം കൊണ്ട് പ്രതിരോധിക്കാമെന്ന വ്യാമോഹത്തിലാണ് കോൺഗ്രസ് നേതൃത്വം. 
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹാസ്യമാക്കുന്നത് ഗ്രാമങ്ങൾ തോറും ഗോശാല നിർമിക്കുമെന്നും ഗോമൂത്രത്തിന്റെ വാണിജ്യ സാധ്യതകൾ ആരായുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളാണ്. അത്തരം പ്രാകൃത പരിഗണനകൾ കോൺഗ്രസിനെയും രാജ്യത്തെ തന്നെയും പിന്നോട്ടടിപ്പിക്കാൻ മാത്രമേ ഉതകൂ എന്ന് അധികാര രാഷ്ട്രീയത്തിൽ കണ്ണു നട്ടിരിക്കുന്ന ഹ്രസ്വദൃഷ്ടികളായ കോൺഗ്രസ് നേതൃത്വം വിസ്മരിക്കുന്നു. അത്തരം നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതൃത്വത്തിന് കർഷകരുടെയോ, തൊഴിൽരഹിത യുവത്വത്തിന്റെയോ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന സമഗ്ര സാമ്പത്തിക കാഴ്ചപ്പാട് അവതരിപ്പിക്കാനോ അതിന്റെ അടിസ്ഥാനത്തിൽ ജനപിന്തുണ ആർജിക്കാനോ ആവില്ല. നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിൽ അവർ സ്വന്തം കാൽചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നത് കാണുന്നില്ല. ഖാദിയിൽ പൊതിഞ്ഞ വർഗീയതയുടെ പ്രതീകങ്ങളായ ഏതാനും നേതാക്കളുടെ നഷ്ടത്തെപ്പറ്റിയല്ല ഇവിടെ പരാമർശിക്കുന്നത്. കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കുന്ന ഉൽപതിഷ്ണുക്കളായ ജനാധിപത്യ നിരപേക്ഷ ശക്തികളിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെയും മോഹഭംഗത്തിന്റെയും ഒറ്റപ്പെടലിന്റെയും പ്രശ്‌നങ്ങൾ യാഥാർഥ്യ ബോധത്തോടെ നോക്കിക്കാണാൻ ആ പാർട്ടിയുടെ ചിന്തിക്കുന്ന, പുരോഗമനവാദികളായ നേതാക്കൾ സന്നദ്ധമാവണം.
രാജ്യത്താകെ മതനിരപേക്ഷതക്കും പുരോഗതിക്കും ശാസ്ത്രീയ അവബോധത്തിനും നേരെ കടുത്ത വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും കോൺഗ്രസ് നേതൃത്വം കാണിക്കുന്ന വിമുഖതയും മൃദുഹിന്ദുത്വ സമീപനവും ആ പാർട്ടിയുടെ നിലനിൽപിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ താൽക്കാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് അത് സഹായകമായേക്കാം. എന്നാൽ മതനിരപേക്ഷതയേയും പുരോഗമന ആശയങ്ങളേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും നിരാകരിക്കുന്ന വർഗീയതയുമായി കൈകോർത്ത് സംഘ്പരിവാർ ഫാസിസ്റ്റുകൾക്കൊപ്പം ഒരേ തൂവൽപക്ഷികളാണെന്ന കോൺഗ്രസിന്റെ പരസ്യ പ്രഖ്യാപനം കേരളത്തിൽ അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും സംഘടനാ നിലനിൽപിന്റെയും ശവക്കുഴി തോണ്ടലാവും.

Latest News