പട്‌ന- ബിഹാറിലെ മുസഫര്‍പൂരില്‍ പെണ്‍കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ച മുപ്പതോളം പെണ്‍കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുരുക്കിലാകുകയും മന്ത്രി സ്ഥാനം രാജിവച്ച് മുങ്ങി നടക്കുകയുമായിരുന്ന പ്രതി മഞ്ജു വര്‍മ നാടകീയമായി കോടതില്‍ കീഴടങ്ങി. സിബിഐ അന്വേഷിക്കുന്ന കേസില്‍ അറസ്റ്റ് ഭയന്ന് മുങ്ങിനടക്കുകയായിരുന്നു ഇവര്‍. മാസങ്ങളോളം മുങ്ങി നടന്ന മുന്‍ മന്ത്രിയെ പിടികൂടാന്‍ പോലീസിന് കഴിയാത്തതില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനവും നടപടിയും ഉണ്ടായതിനു പിന്നാലെയാണ് ചൊവ്വാഴ്ച ബെഗുസാരയ് കോടതിയില്‍ ഓട്ടോയിലെത്തി മഞ്ജു കീഴടങ്ങിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് നാലു ദിവസം മുമ്പ് ഇവരുടെ സ്വത്ത്് പോലീസ് പിടിച്ചെടുത്തിരുന്നു. നവംബര്‍ 27നകം ഇവരെ പിടികൂടിയില്ലെങ്കില്‍ സംസ്ഥാന പോലീസ് മേധാവി കെ.എസ് ദ്വിവേദി നേരിട്ട് കോടതി ഹാജരായി മറുപടി നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇവര്‍ക്കായി സംസ്ഥാനത്ത് പലയിടത്തും പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നെന്ന് ദ്വിവേദി പറഞ്ഞു.
മുസാഫര്‍പൂരിലെ സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യ പ്രതി ബ്രജേഷ് താക്കൂറിന്റെ അടുത്ത സുഹൃത്തായിരുന്നു മഞ്ജുവിന്റെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ. പീഡനക്കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്തിയ സി.ബി.ഐ വെടിയുണ്ടകളുടെ ശേഖരം കണ്ടെത്തിയിരുന്നു. ഇതെതുടര്‍ന്നാണ് മന്ത്രിക്കെതിരെ ആയുധ നിയമ പ്രകാരം കേസെടുത്തത്. ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ നേരത്തെ കീഴടങ്ങിയിരുന്നു. പീഡനക്കേസ് പ്രതിയുമായി അടുത്ത ബന്ധമുള്ള വിവരം പുറത്തായതോടെ വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ നിതീഷ് കുമാര്‍ മന്ത്രി സഭയില്‍ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയായിരുന്ന മഞ്ജു ഓഗസ്റ്റിലാണ് രാജിവച്ചത്. പിന്നീട് ഇവരെ ജെ.ഡി.യുവില്‍ നിന്നും പുറത്താക്കിയിരുന്നു.