പത്തനംതിട്ട- ശബരിമല സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അയ്യപ്പ ഭക്തരെ പോലീസ് ബുദ്ധിമുട്ടുക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. തീര്‍ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശനമല്ല ഇപ്പോഴത്തെ പ്രശ്‌നമെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള യുഡിഎഫ് നേതാക്കള്‍ ശബരിമല കയറും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ഘടകകക്ഷി നേതാക്കളായ പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. മുനീര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് ഇന്നു മല കയറുന്നത്.
സന്നിധാനത്തെ നിരോധനാജ്ഞ ലംഘിക്കണോ എന്നു സാഹചര്യം നോക്കീ മാത്രമെ തീരുമാനിക്കൂവെന്നും പോലീസിന്റെ സമീപനം പ്രധാനമാണെന്നും ബെഹനാന്‍ പറഞ്ഞു. ഇന്ന് യുഡിഎഫ് നേതാക്കള്‍ക്കു പുറമെ ബി.ജെ.പി എംപിമാരായ വി.മുരളീധരന്‍, നളീന്‍കുമാര്‍ കട്ടീല്‍ എന്നിവരും ശബരിമല സന്ദര്‍ശനത്തിന് എത്തുന്നുണ്ട്.