Sorry, you need to enable JavaScript to visit this website.

മുൻ കാമുകനെ കൊന്ന് റെയിൽപാളത്തിൽ തള്ളി; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

മുംബൈ- മഹാരാഷ്ട്രയിൽ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ട സംഭവത്തിൽ യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി, മുൻ കാമുകനെ ഇപ്പോഴത്തെ കാമുകന്റെയും വാടക കൊലയാളിയുടെയും സഹായത്തോടെ കൊലപ്പെടുത്തി ട്രാക്കിൽ തള്ളിയതാണെന്ന് കണ്ടെത്തി.
മഹാരാഷ്ട്രയിലെ റെയ്ഗണ്ട് ജില്ലയിലാണ് സംഭവം. ഒക്‌ടോബർ 26നാണ് കൽജാത് സ്വദേശിയായ നന്ദു കലേക്കറെ (26) കാണാതാവുന്നത്. പോലീസ് അന്വേഷണത്തിൽ നന്ദുവും കാമുകി നിഷ വിർലേയും മൊബൈലിൽ സംസാരിച്ചതായി കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് നന്ദുവിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു നിഷ പറഞ്ഞത്. 
ഇതിനിടെ വ്യാഴാഴ്ച നന്ദുവിന്റെ മൃതദേഹം റെയ്ഗണ്ടിലെ ധമ്മത്ത് കണ്ടെത്തി. തുടർന്ന് നിഷയെയും ഇപ്പോഴത്തെ കാമുകൻ അനിൽ റൗത്തിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്താവുന്നത്. അനിലുമായുള്ള വിവാഹ ബന്ധത്തിന് തടസ്സമാകാൻ സാധ്യതയുള്ള നന്ദുവിനെ ഇരുവരും ചേർന്ന് മഹേഷ് ബിവാരെ എന്ന സുഹൃത്തിന്റെ സഹായത്തോടെ ആസൂത്രിതമായി കൊലപ്പെടുത്തുകയും മൃതദേഹം റെയിൽപാളത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. നിഷ അനുനയത്തിൽ നന്ദുവിനെ വിളിച്ചുവരുത്തുകയും മയക്കുമരുന്ന് കലർത്തിയ പാനീയം കുടിപ്പിക്കുകയുമായിരുന്നു. ബോധം കെട്ട നന്ദുവിനെ മൂന്ന് പേരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം റെയിൽ പാളത്തിൽ തള്ളുകയായിരുന്നുവെന്നും പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 21വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.


 

Latest News